Your Image Description Your Image Description

ഇന്ന് പ്രമേഹമില്ലാത്ത ആളുകൾ കുറവായിരിക്കും. അഞ്ചു പേരിൽ ഒരാൾക്കെങ്കിലും പ്രമേഹം അല്ലെങ്കിൽ ലക്ഷണങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണത്തിനു മുമ്പും ശേഷവും നമ്മൾ രക്തപരിശോധനയിലൂടെയാണ് പ്രമേഹത്തിന്റെ അളവ് നോക്കുന്നത്. സാധാരണയായി ഇത് ചെക്ക് ചെയ്യുന്നത് സൂചികള്‍ കൊണ്ട് കുത്തി രക്തമെടുത്താണ്. പ്രമേഹമുളളവര്‍ ദിവസത്തില്‍ പല തവണ ഷുഗര്‍ ലെവല്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, ദിവസവും ശരീരത്തില്‍ കുത്തി രക്തമെടുക്കുന്ന പ്രമേഹ രോഗികള്‍ക്ക് ആശ്വാസം പകരുന്ന സംവിധാനം എത്തിയിരിക്കുകയാണ്. സൂചി ഉപയോഗിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന സംവിധാനം ഇപ്പോൾ രാജ്യത്ത് വികസിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ് സി) ഗവേഷകരാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

ഈ സാങ്കേതിക വിദ്യയില്‍ ശബ്ദവും പ്രകാശവും പ്രയോജനപ്പെടുത്തിയുള്ള ഫോട്ടോ അക്കോസ്റ്റിക് സെന്‍സിങ് സംവിധാനമാണ് ഉളളത്. ജൈവ കലകളില്‍ ഒരു ലേസര്‍ രശ്മി പതിപ്പിക്കുമ്പോള്‍ കലകളുടെ ഘടകങ്ങള്‍ പ്രകാശം ആഗിരണം ചെയ്യുകയും കലകള്‍ ചെറുതായി ചൂടാകുകയും ചെയ്യുന്നു (1°C-ല്‍ താഴെ). ഇത് കലകള്‍ വികസിപ്പിക്കാനും ചുരുങ്ങാനും കാരണമാകുന്നു. ഇത് സെന്‍സിറ്റീവ് ഡിറ്റക്ടറുകള്‍ വഴി അള്‍ട്രാസോണിക് ശബ്ദ തരംഗങ്ങളായി പിടിച്ചെടുക്കാന്‍ കഴിയുന്ന വൈബ്രേഷനുകള്‍ സൃഷ്ടിക്കുന്നു. കലകളിലെ വ്യത്യസ്ത വസ്തുക്കളും തന്മാത്രകളും വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ വ്യത്യസ്ത അളവിലുള്ള പ്രകാശത്തെ ആഗിരണം ചെയ്യുന്നു.

ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തിരിച്ചറിയാൻ കഴിയും. ഈ സാങ്കേതിക വിദ്യയിൽ പുറത്തു വിടുന്ന ശബ്ദ തരംഗങ്ങളില്‍ വ്യക്തിഗത ‘വിരലടയാളങ്ങള്‍’ സൃഷ്ടിക്കുന്നു. ഇതുമൂലം കലകളുടെ സാമ്പിളിന് കേടുപാടുകള്‍ ഉണ്ടാകുന്നില്ല. ആരോഗ്യമുള്ള ഒരാളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ സാന്ദ്രത ഭക്ഷണത്തിന് മുമ്പും ശേഷവും മൂന്ന് ദിവസത്തേക്ക് ട്രാക്ക് ചെയ്യുന്നതിന് സെന്‍സര്‍ സജ്ജീകരണം ഉപയോഗിക്കുന്ന ഒരു പൈലറ്റ് പഠനവും സംഘം നടത്തിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *