Your Image Description Your Image Description

എല്ലാ നല്ല പദ്ധതികൾക്കും തുരങ്കം വയ്ക്കുന്നത് ഇടതു പക്ഷമാണെന്നു നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുന്ന ആളുകൾ കെ റയിൽ പദ്ധതിയുടെ വിശേഷങ്ങൾ കൂടിയാണ് കേട്ട് നോക്കണം.

കെ-റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ പറയുകയുണ്ടായി . കെ-റെയിൽ ഉപേക്ഷിച്ചെന്ന് സർക്കാർ പറഞ്ഞാൽ ബദൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തയ്യാറാണ്. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കുകയുണ്ടായി . കേന്ദ്രത്തിൽ ഈ സർക്കാർ ഭരിക്കുന്ന കാലത്തോളം കെ-റെയിൽ കേരളത്തിൽ വരാൻ ഒരു സാദ്ധ്യതയുമില്ല. പക്ഷേ, അതിന് ബദൽ പദ്ധതി താൻ കൊടുത്തിട്ടുമുണ്ട്, സർക്കാർ ആ പദ്ധതി അംഗീകരിച്ചിട്ടുമുണ്ട്. പക്ഷെ ഇതിനെല്ലാം ഇടം തിരിഞ്ഞു നിൽക്കുന്നത് കേന്ദ്ര ഗവെർന്മെന്റ് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.

അതേസമയം, കെ- റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ.രാജനും രംഗത്തു വന്നു. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സർവേസ് ആൻഡ് ബൗണ്ടറീസ് നിയമത്തിന്റെ 6(1) മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ ഭൂമി ക്രയവിക്രയത്തിന് തത്കാലം പ്രശ്നമില്ലെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

റവന്യൂമന്ത്രിയുടെ ഈ വിശദീകരണത്തിന് പിന്നാലെയാണ് ശ്രീധരനും പഴയ കെ റെയിൽ നടക്കില്ലെന്ന് വിശദീകരിക്കുന്നത്. സിൽവർ ലൈൻ ഒന്നുമാകതെ മുടങ്ങിക്കിടക്കുന്നതിനാൽ പ്രായോഗികമായ സെമി സ്പീഡ് റയിൽ എന്ന ആശയം ഡിസംബർ 27നാണ് ഇ ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചത്. കേരളത്തിലെ ജനങ്ങളുടെ താല്പര്യം പരിഗണിച്ച് 25 കിലോമീറ്ററിനിടയിൽ സ്റ്റേഷൻ വരുന്ന രീതിയിലുള്ള വേഗ റയിലാണ് ഇ ശ്രീധരൻ നിർദേശിച്ചിരിക്കുന്നത്. സിൽവർ ലൈൻ തിരുവന്തപുരം മുതൽ കാസർഗോഡ് വരെയാണെങ്കിൽ ഇ ശ്രീധരൻ നിർദേശിക്കുന്ന പാത കണ്ണൂർ വരെയാണ്.

ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുൻപു വിശദപദ്ധതിരേഖ (ഡിപിആർ) തയാറാക്കിയ തിരുവനന്തപുരം കണ്ണൂർ ഹൈസ്പീഡ് പാതയുടെ അലൈൻമെന്റിൽ വ്യത്യാസം വരുത്തിയാണ് പുതിയ സെമി ഹൈസ്പീഡ് പാതയ്ക്ക് അലൈൻമെന്റ് ഇ.ശ്രീധരൻ മുമ്പോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നൽകിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തുടർച്ചയായി നഗരങ്ങളുള്ള കേരളത്തിൽ 350 കിലോമീറ്റർ വേഗം ആവശ്യമില്ലെന്നും പരമാവധി 200 കിലോമീറ്റർ മതിയെന്നുമാണു ശ്രീധരന്റെ നിലപാട്. 135 കിലോമീറ്റർ ശരാശരി വേഗത്തിൽ ട്രെയിൻ ഓടിച്ചാൽ തിരുവനന്തപുരം-കണ്ണൂർ (430 കിലോമീറ്റർ) ദൂരം മൂന്നേകാൽ മണിക്കൂറിൽ പിന്നിടാം. ഒരു ലക്ഷം കോടി രൂപയാണു പദ്ധതിക്കു ചെലവു ശ്രീധരൻ ചെലവ് പ്രതീക്ഷിക്കുന്നത്.

ഇതിനായി റെയിൽവേക്ക് 51 ശതമാനവും കേരളത്തിന് 49 ശതമാനവും ഓഹരിയുള്ള പ്രത്യേക ദൗത്യനിർവഹണ ഏജൻസി (എസ്പിവി) രൂപീകരിക്കണം. ഇതിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി 30,000 കോടി രൂപ വീതവും 40,000 കോടി രൂപയുടെ വായ്പാനിക്ഷേപവും ലക്ഷ്യമിടുന്നുണ്ടു . ഭാവിയിൽ ചെന്നൈ ബെംഗളൂരു കോയമ്പത്തൂർ ഹൈസ്പീഡ് പാതകളുമായി ബന്ധിപ്പിച്ച് ദേശീയ ഹൈസ്പീഡ് റെയിൽ ശൃംഖലയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെയാണു പാത സ്റ്റാൻഡേഡ് ഗേജിലാക്കുന്നതെന്നും പറയുന്നു. സ്റ്റോപ്പുകൾ കുറവാണെങ്കിലേ കൂടിയ വേഗം കൊണ്ടു കാര്യമുള്ളൂ. ജനസാന്ദ്രത കൂടിയ കേരളത്തിൽ കൂടുതൽ പേർക്കു പ്രയോജനം ലഭിക്കണമെങ്കിൽ 25-30 കിലോമീറ്റർ ഇടവേളയിൽ സ്റ്റേഷനുകൾ വേണം. കേരളത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിക്കുമ്പോൾ 15-30 മിനിറ്റ് ഇടവേളയിൽ ഇരുദിശയിലും ട്രെയിൻ സർവീസുകൾ ആവശ്യമാണെന്നും ശ്രീധരൻ വിശദീകരിച്ചിട്ടുണ്ട്.

പുതിയ പദ്ധതിക്കെതിരെ സ്ഥലം ഏറ്റെടുക്കൽ പ്രതിഷേധം ഉണ്ടാകില്ലെന്നും ശ്രീധരൻ പറയുന്നു. കാരണം, ഇതിൽ ഏറെ ഭാഗവും ഭൂമിക്കടിയിലൂടെയും പാലങ്ങളിലൂടെയുമാകും കടന്നുപോകുക. ഭൂമിയേറ്റെടുക്കൽ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് തുരങ്കത്തിലൂടെയും തൂണുകളിലൂടെയും പാത ശുപാർശ ചെയ്തിരിക്കുന്നത്. തൂണുകൾ വരുന്ന സ്ഥലങ്ങളിൽ 20 മീറ്റർ വീതിയിൽ ഭൂമിയേറ്റെടുക്കണം. നിർമാണത്തിന് ശേഷം ഭൂമി ഉടമകൾക്കു പാട്ടത്തിനു തിരികെ നൽകാമെന്നും ശ്രീധരൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *