Your Image Description Your Image Description

ഓരോ ദിവസവും പുതിയ പുതിയ പല ഹെയർ സ്റ്റൈലുകൾ വന്നുകൊണ്ടിരിക്കുകയാണ്. മുടിയുടെ സൗന്ദര്യത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഇന്ന് സ്ത്രീകൾ കൂടുതൽ പണം ചെലവാക്കുന്നതും. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഒരുപാട് വ്യത്യസ്തമായ മുടിക്കെട്ടുകൾ ദിവസേനെ നാം കാണാറുണ്ട്. അതൊക്കെ മിക്ക പെൺകുട്ടികളും പരീക്ഷിക്കുകയും ചെയ്യും. നമ്മുടെ നാട്ടിൽ മുടി കെട്ടുന്നതിന് പ്രത്യേകിച്ച് അർത്ഥങ്ങൾ ഒന്നുമില്ല. എന്നാൽ സ്റ്റൈലിനും ഫാഷനുമൊക്കെ അപ്പുറം സ്ത്രീകൾ തലമുടി കെട്ടുന്നതിന്റെ ശൈലിയിലൂടെ തങ്ങളുടെ പാരമ്പര്യം മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുന്ന ഒരു സമൂഹം നൈജീരിയയിലുണ്ട്. നൈജീരിയൻ സ്ത്രീകളുടെ ഹെയർസ്റ്റൈലുകൾക്ക് വിവിധതരം അർത്ഥങ്ങളും സന്ദേശങ്ങളുമാണ് ഉള്ളത്.

വിവാഹങ്ങൾ, ജന്മദിനങ്ങൾ തുടങ്ങിയ പരിപാടികളിൽ ഒരു പ്രത്യേക കുടുംബത്തെയോ പ്രദേശത്തെയോ സൂചിപ്പിക്കാൻ അല്ലെങ്കിൽ അന്നത്തെ രാഷ്ട്രീയ കലാപര പ്രസ്ഥാനങ്ങളോട് പ്രതികരിക്കുന്നതിനൊക്കെ വേണ്ടിയാണ് ഇത്തരം ഹെയർസ്റ്റൈലുകൾ നൈജീരിയൻ സ്ത്രീകൾ ഉപയോഗിക്കുന്നത്. പൊക്കിവെച്ചതും, സൈഡ് ചരിഞ്ഞതും അർച്ചിന്റെ രൂപത്തിലും തുടങ്ങി പലവിധത്തിലാണ് ഹെയർസ്റ്റൈൽ വരുന്നത്. വിവിധതരം ഹെയർസ്റ്റൈലുകളിൽ മുടി കെട്ടാൻ നൈജീരിയൻ സ്ത്രീകൾക്ക് 30 മിനിറ്റ് മുതൽ 5 മണിക്കൂർ വരെയാണ് സമയം വേണ്ടി വരുക. പ്രശസ്തനായ നൈജീരിയൻ ഫോട്ടോഗ്രാഫർ ജെ.ഡി ഒഖായി ഒജെയ്കെരെയാണ് സ്വന്തം നാട്ടിലെ സ്ത്രീകളുടെ മുടികെട്ടലിന്റെ വിവിധ ദൃശ്യങ്ങൾ പകർത്തി ലോകത്തെ അറിയിച്ചത്. ഇത്തരത്തിൽ ഏകദേശം 1000 ഹെയർസ്റ്റൈലുകളുടെ ചിത്രങ്ങൾ അദ്ദേഹം പകർത്തിയിട്ടുണ്ട്. 40 വർഷമെടുത്താണ് ഒഖായി ചിത്രങ്ങൾ പകർത്തിയത്. ഹെയർസ്റ്റൈലുകളുടെ സൗന്ദര്യത്തിലും കലാപരമായ രൂപത്തിലും ആകൃഷ്ടനായതിന് അപ്പുറം അദ്ദേഹം അത് വരും തലമുറക്ക് വേണ്ടിയാണ് പകർത്തിയതെന്നാണ് ഒഖായിയുടെ മകൻ ഫോട്ടോഗ്രാഫറായ അമെയ്‌സ് ഒജെയ്കെരെ പറയുന്നത്.

1960ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്നും നൈജീരിയക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് സ്ത്രീകൾക്കിടയിൽ വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ പ്രചാരമേറിയത്. അതിനുമുമ്പ്, വൈവാഹിക നില, വംശീയ ഉത്ഭവം, സാമൂഹിക സാമ്പത്തിക അടിസ്ഥാനങ്ങൾ എന്നിവയെ പ്രതീകപ്പെടുത്തുന്ന സാമൂഹിക അടയാളങ്ങളായിരുന്നു ഹെയർസ്റ്റൈലുകൾ. നൈജീരിയൻ സ്വാതന്ത്ര്യത്തോടെ അവയ്ക്ക് രാഷ്ട്രീയ അർത്ഥവും കൈവന്നു. ചിത്രങ്ങൾ പകർത്തുമ്പോൾ ഒഖായ്ക്ക് മൂന്ന് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. കൊളോണിയൽ ശക്തികളുടെ കീഴിൽ പ്രചാരം നഷ്ടപ്പെട്ട തദ്ദേശീയ ഹെയർസ്റ്റൈലുകളുടെ പുനരുജ്ജീവനത്തെയാണ് അദ്ദേഹം പകർത്തിയത്. നൈജീരിയൻ പൗരന്മാർ അവരുടെ ഐഡന്റിറ്റി പുനഃസ്ഥാപിക്കുമ്പോൾ ഒഖായി സ്ത്രീകളുടെ വ്യത്യസ്ത ഹെയർസ്റ്റൈലുകളെ പകർത്തി. ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തിൽ ശൈലികളുടെ ഓർമ്മ നിലനിർത്തുന്നതിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഫലം കണ്ടു.

യുവതലമുറ ഈ സ്റ്റൈലുകളൊന്നും ഉപയോഗിക്കാറില്ല അതിനാൽ തന്നെ നൈജീരിയൻ ജനതയുടെ ഈ മുടികെട്ട് ഒക്കെ അന്യം നിന്ന് പോകുകയേ ഉള്ളൂ. ഒഖായി ഈ ചിത്രങ്ങൾ പകർത്തിയതിനു പിന്നിൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായ നൈജീരിയൻ ജനതയുടെ സൗന്ദര്യത്തെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുവാൻ കൂടി വേണ്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *