Your Image Description Your Image Description
Your Image Alt Text

കൊല്‍ക്കത്ത: ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ആയിരങ്ങളെ അണിനിരത്തുന്ന ഡിവൈഎഫ്ഐ പരിപാടിക്ക് തുടക്കം. പരിപാടിയിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് പ്രവർത്തകരാണ് ബ്രിഗേഡ് പരേഡ് മൈതാനിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇവിടെ സമൂഹ ഭഗവത് ഗീത പാരായണ പരിപാടി നടന്നിരുന്നു. തങ്ങളുടെ സ്വന്തം ഗ്രൗണ്ട് എന്നറിയപ്പെടുന്ന ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സംഘ്പരിവാര്‍ സംഘടനകള്‍ പരിപാടി സംഘടിപ്പിച്ചത് സംസ്ഥാനത്തെ ഇടതുപക്ഷ സംഘടനകള്‍ക്ക് വലിയ ഞെട്ടലായിരുന്നു സമ്മാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘപരിവാർ സംഘടനകളുടെ പരിപാടി സംഘടിപ്പിക്കപ്പെട്ട് ഒരുമാസം പിന്നിടുന്നതിന് മുമ്പായി തന്നെ ഡിവൈഎഫ്ഐ ഇവിടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ചത്തെ ‘ഇന്‍സാഫ് ബ്രിഗേഡ്’ പരിപാടിയിലേക്ക് രാവിലെ മുതല്‍ തന്നെ ഡിവൈഎഫ്‌ഐ, സിപിഐഎം പ്രവര്‍ത്തകര്‍ എത്തിതുടങ്ങി. പതിനായിരങ്ങള്‍ സമ്മേളനത്തിനെത്തുമെന്നാണ് ഡിവൈഎഫ്‌ഐ പ്രതീക്ഷിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ബിജെപിയ്‌ക്കെതിരെയും തങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് ഈ പരിപാടിയോടെ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

‘അവര്‍ (സംഘ്പരിവാര്‍ സംഘടനകള്‍) 100,000 പേരെ പങ്കെടുപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ അത് 10,000-15,000ല്‍ ഒതുങ്ങി. ഞങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ആളുകളെ കൊണ്ട് ഈ മൈതാനം നിറയും. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ഏറ്റവും നല്ല ഇടതുറാലിയായിരിക്കും ഇന്നത്തേത്.’ എന്നാണ് ഡിവൈഎഫ്‌ഐ മുഖമാസിക യുവശക്തിയുടെ എഡിറ്റര്‍ കലാധന്‍ ദാസ്ഗുപ്ത പറയുന്നത്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംഘടനയിലേക്ക് യുവാക്കളെ കൊണ്ടുവരാന്‍ സംസ്ഥാനത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി മാറ്റങ്ങളാണ് ബംഗാൾ സിപിഐഎമ്മില്‍ നടന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കമെന്നോണം ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ റാലി നടത്താനും ഡിവൈഎഫ്‌ഐയെയാണ് സിപിഐഎം ഏല്‍പ്പിച്ചത്.

50 ദിവസം നീണ്ടുനിന്ന കാല്‍നടയാത്രയുടെ സമാപന ചടങ്ങായാണ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ പരിപാടി. നവംബര്‍ മൂന്നിന് കൂച്ചബിഹാറില്‍ നിന്ന് ആരംഭിച്ച യാത്ര ഡിസംബര്‍ 22ന് കൊല്‍ക്കത്തയിലാണ് സമാപിച്ചത്. 22 ജില്ലകളിലായി 2,200 കിലോമീറ്ററാണ് യാത്ര പിന്നിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *