Your Image Description Your Image Description

എഐ ചാറ്റ്ബോട്ടായ ഗ്രോക്കിന് മീമുകള്‍ സൃഷ്ടിക്കാന്‍ ഒരു മിനിറ്റ് പോലും ആവശ്യമില്ലെന്ന് ചാറ്റ്ബോട്ട് ഉടമ ഇലോണ്‍ മസ്‌ക്. എക്സ് പ്ലാറ്റ്ഫോമില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മീം ഒരു ഉപയോക്താവ് പങ്കുവെച്ചതിന് പിന്നാലെയാണ് ഗ്രോക്കിനെ പ്രകീര്‍ത്തിച്ച് മസ്‌ക് രംഗത്ത് വന്നത്. ‘എവരിതിങ് ഈസ് കമ്പ്യൂട്ടര്‍’ എന്നെഴുതിയിട്ടുള്ള ഒരു ‘ടെസ്‌ല സൈബര്‍ ട്രക്ക് കാറിന് മുന്നില്‍ ട്രംപ് നില്‍ക്കുന്നതായുള്ള മീം ആണ് എക്സ് ഉപയോക്താവ് പങ്കുവെച്ചത്. ഇത് റീ പോസ്റ്റ് ചെയ്ത് ‘വാസ്തവം’ എന്ന് മസ്‌ക് കുറിച്ചു. ഫെബ്രുവരിയിലാണ് മസ്‌കിന്റെ എഐ സംരംഭമായ എക്സ്എഐ ഗ്രോക്ക് 3 അവതരിപ്പിച്ചത്.

മുന്‍ഗാമിയായ ഗ്രോക്ക് 2 നേക്കാള്‍ പത്തുമടങ്ങ് മികച്ചതാണ് ഗ്രോക്ക് 3 എന്നായിരുന്നു അവതരണ വേളയില്‍ മസ്‌കിന്റെ പ്രസ്താവന. ചാറ്റ് ജിപിടി, ഗൂഗിള്‍ എഐ എന്നീ ചാറ്റ്ബോട്ടുകളെ വെല്ലുന്നതാണ് ഗ്രോക്ക് എഐയെന്ന് അവകാശപ്പെട്ട് മസ്‌ക് നേരത്തെ മറ്റൊരു മീം പങ്കുവെച്ചിരുന്നു. മഡഗാസ്‌കര്‍ എന്ന അനിമേറ്റഡ് സിനിമയില്‍ നിന്നുള്ള ടെംപ്ലേറ്റ് ഉപയോഗിച്ചായിരുന്നു മസ്‌കിന്റെ പോസ്റ്റ്. ക്യാപ്റ്റന്റെ ക്യാപും സണ്‍ഗ്ലാസും ധരിച്ചെത്തുന്ന പെന്‍ഗ്വിനെ മറ്റ് മൂന്ന് എഐകളുടെ പേര് രേഖപ്പെടുത്തിയ പെന്‍ഗ്വിനുകള്‍ സല്യൂട്ട് ചെയ്യുന്നതായിരുന്നു ആ മീം.

സ്വാഭാവികവും രസകരവുമായ സംഭാഷണങ്ങള്‍ക്കായി രൂപകല്‍പന ചെയ്തതാണ് ഗ്രോക്ക് എന്നാണ് ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നത്. മറ്റ് എഐ മാതൃകകള്‍ ഒഴിവാക്കാനിടയുള്ള വിഷയങ്ങളും ഗ്രോക്ക് കൈകാര്യം ചെയ്യുമെന്നും വെബ്സൈറ്റ് പറയുന്നു. റോബര്‍ട്ട് ഹെയ്ന്‍ലീന്റെ ‘സ്ട്രേഞ്ചര്‍ ഇന്‍ എ സ്ട്രേഞ്ച് ലാന്‍ഡ് ‘ എന്ന നോവലില്‍ നിന്നാണ് ഗ്രോക്ക് എന്ന പേര് കണ്ടെത്തിയതെന്ന് എഐയുടെ അവതരണവേളയില്‍ മസ്‌ക് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *