Your Image Description Your Image Description

നയാഗഡ്: പുനർവിവാഹത്തെ എതിർത്തതിന് പിതാവ് പ്രായപൂർത്തിയാകാത്ത ആൺമക്കളെ കൊലപ്പെടുത്തി. മക്കൾ പിതാവിന്റെ രണ്ടാം വിവാഹത്തിന് തടസ്സം നിന്നതിനെ തുടർന്നാണ് കൊലപ്പെടുത്തിയത്. ഒഡീഷയിലെ നയാഗഡിലെ ഫത്തേഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ധൻചൻഗഡ ഗ്രാമത്തിലായിരുന്നു സംഭവം. 14, 11 വയസ്സ് മാത്രം പ്രായമുള്ള പ്രായപൂർത്തിയാകാത്ത രണ്ട് ആൺ കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ പിതാവ് പ്രകാശ് മൊഹന്തിയെ നയാഗഡ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പ്രതി തന്റെ രണ്ട് മക്കളെയും ക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ തൂക്കിലേറ്റിയെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് മൃതദേഹങ്ങൾ പിടിച്ചെടുത്ത് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രണ്ടര വർഷം മുമ്പ് ഭാര്യ കുമ നായക് ആത്മഹത്യ ചെയ്തതിനെ തുടർന്ന് പുനർവിവാഹം കഴിക്കാൻ ഉദ്ദേശിച്ചാണ് പ്രകാശ് ആൺകുട്ടികളെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് കുട്ടികളുടെ അമ്മാവൻ ലക്ഷ്മൺ നായക് തിങ്കളാഴ്ച പോലീസിൽ പരാതി നൽകി. കുമയുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ തർക്കമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ‘തിങ്കളാഴ്ച പുലർച്ചെ പ്രകാശ് ഉറങ്ങിക്കിടന്ന കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് രണ്ട് കുട്ടികളുടെയും കഴുത്തിൽ സാരി കെട്ടി മൃതദേഹങ്ങൾ സീലിംഗ് ബീമിൽ തൂക്കി. കൊലപാതകങ്ങൾ ആത്മഹത്യയായി ചിത്രീകരിക്കാൻ അവർ ശ്രമിച്ചു,’ നയാഗഡ് എസ്പി എസ് സുശ്രീ പറഞ്ഞു.

ഭാര്യയുടെ മരണശേഷം പിതാവും മക്കളും, ഇവരുടെ മുത്തശ്ശിയും മാത്രമാണ് കഴിഞ്ഞിരുന്നത്. ആദ്യ ഭാര്യയുടെ മരണശേഷം പ്രതിശ്രുത വധുവുമായി ബന്ധം പുലർത്തിയിരുന്ന ഇയാൾ, രണ്ടാം വിവാഹത്തിന് മുമ്പ് തടസ്സങ്ങളായിരുന്ന തന്റെ രണ്ട് ആൺമക്കളെ ഒഴിവാക്കിയതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യത്തിൽ പ്രകാശിനെ സഹായിച്ചതായി സംശയിക്കപ്പെടുന്ന പ്രതിയുടെ അമ്മയെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *