Your Image Description Your Image Description

ഒരു നിമിഷം പോലും ഫോൺ ഇല്ലാതെ ജീവിക്കാൻ കഴിയാത്തവരാണ് ഭൂരിഭാഗം ആളുകളും. സ്മാർട് ഫോൺ ഇല്ലാത്ത ലോകം ഇന്നത്തെ തലമുറയ്ക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നാൽ, വെറും മൂന്ന് ദിവസം സ്മാർട്ട് ഫോൺ മാറ്റിവെച്ചാൽ തലച്ചോറിനെ മാറ്റിമറിക്കുമെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ജർമനിയിലെ ഹൈഡൽബർ​ഗ് സർവകലാശാലയിലെയും കൊളോൺ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ നടത്തിയ ​ഗവേഷണത്തിലാണ് കണ്ടെത്തൽ. 18നും 30നും ഇടയിൽ പ്രായമുള്ള 25 യുവാക്കളാണ് പരീക്ഷണത്തിൽ പങ്കെടുത്തത്.

പഠനത്തിന്റെ ഭാ​ഗമാകാൻ എത്തിയ യുവാക്കളോട് അവരുടെ ഫോണിൻറെ ഉപയോഗം 72 മണിക്കൂറായി പരിമിതപ്പെടുത്താൻ ​ഗവേഷകർ ആവശ്യപ്പെട്ടു. അത്യാവശ്യ ആശയവിനിമയവും ജോലികൾക്കും മാത്രമേ ഫോൺ അനുവദിക്കൂ. ഇവരിൽ ഫോൺ “ഡയറ്റിന്” മുമ്പും ശേഷവും പങ്കെടുക്കുന്നവരെ എംആർഐ സ്കാനുകള്‍ക്കും മനഃശാസ്ത്ര പരിശോധനകള്‍ക്കും വിധേയരാക്കി. ഫോൺ ഉപയോഗം കുറയ്ക്കുന്നത് അവരുടെ തലച്ചോറിന്റെ പാറ്റേണുകളെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ‌‌ആസക്തിക്ക് കാരണമാകുന്ന ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ കണ്ടതായി പഠന ഫലങ്ങൾ സൂചിപ്പിച്ചു.

മസ്തിഷ്ക പ്രവർത്തനങ്ങളിലെ മാറ്റങ്ങളും ആസക്തിയുമായി ബന്ധപ്പെട്ട ന്യൂറോ ട്രാൻസ്മിറ്റർ സിസ്റ്റവും തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്താൻ കഴി‍ഞ്ഞതായി ​ഗവേഷകർ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു. ഹ്രസ്വകാല സ്മാർട്ട്ഫോൺ നിയന്ത്രണം പോലും തലച്ചോറിൻ്റെ പ്രവർത്തനത്തെ മാറ്റിമറിക്കും. ഡിജിറ്റൽ ഉപകരണങ്ങൾ നമ്മുടെ ന്യൂറൽ പാറ്റേണുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിലേക്ക് പഠനം വെളിച്ചം വീശുന്നതെന്നും ​ഗവേഷകർ വ്യക്തമാക്കി. എന്തായാലും ഫോൺ ഉപയോഗം കുറയ്ക്കുന്നതിലൂടെ മസ്തിഷ്കത്തിന് വലിയ ഉണർവുണ്ടാകുമെന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *