തദ്ദേശസ്വയംഭരണ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് മുതുകുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 317 കിലോ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചതിനും വില്‍പ്പന നടത്തിയതിനും സീലന് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 25000 രൂപയും, ശ്രീജിത്ത് ഏജന്‍സീസില്‍ നിന്ന് 5000 രൂപയും പിഴ ഈടാക്കാന്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ശുപാര്‍ശ ചെയ്തു. 17 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. മാര്‍ച്ച് 31 ന് സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ജോയിന്റ് ബി. ഡി. ഒ. ബിന്ദു വി നായര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. എസ്. വിനോദ്, ശുചിത്വമിഷന് കോ-ഓർഡിനേറ്റര്‍ എം. ബി. നിഷാദ്, എല്‍. എസ്. ജി. ഡി ഉദ്യോഗസ്ഥന് മനു തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു.