Your Image Description Your Image Description

തൃശൂർ : തൃശ്ശൂര്‍ പൂരം അതിന്റെ എല്ലാ പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും വിജയകരമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണ കൂടവും തൃശ്ശൂര്‍ കോര്‍പ്പറേഷനും എല്ലാ വകുപ്പുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പൂരത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തൃശ്ശൂര്‍ പൂരം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നല്ല രീതിയില്‍ത്തന്നെ ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും പോലീസും ബന്ധപ്പെട്ട വകുപ്പുകളും ആരംഭിച്ചിട്ടുണ്ട്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നുള്ള അനിശ്ചിതത്വം ഇല്ലാതാക്കാന്‍ ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് ഓര്‍ഗനൈസേഷന്‍ (പെസൊ) പ്രതിനിധികൾ എന്നിവർ യോഗം ചേർന്ന് പ്രശ്നങ്ങളിൽ തീരുമാനമെടുക്കും. കേരള ഹൈക്കോടതിയുടെ നിലവിലുള്ള ഉത്തരവിൻ്റെ അടിസ്ഥാനത്തിലും പെസോ പ്രതിനിധിയുടെ അഭിപ്രായ പ്രകാരവും ജില്ലാ ഭരണകൂടത്തിന് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

കുടമാറ്റം ഉള്‍പ്പെടെയുള്ള, പൂരവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും സമയക്രമം നിശ്ചയിച്ച് സമയബന്ധിതമായി ആസൂത്രണം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും, നഗരത്തിലെയും പൂരപ്പറമ്പിലെയും തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളിലും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നതിനും ലഹരി വ്യാപനം തടയുന്നതിനായി പൂരത്തിന് മുന്നോടിയായി പോലീസും എക്‌സൈസ് വകുപ്പും ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ ശക്തമാക്കുന്നതിനും ഡോഗ് സ്‌ക്വാഡിന്റെയും, ഷാഡോ പോലീസിന്റേയും സേവനങ്ങള്‍ ലഭ്യമാക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

പൂര പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ്ക്വോ നിലനിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ഈ തീരുമാനം ഹൈക്കോടതിയെ അറിയിക്കാന്‍ കൊച്ചി ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.പൂരവുമായി ബന്ധപ്പെട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ശുചിത്വമിഷനുമായി സഹകരിച്ച് ഇവ നടപ്പിലാക്കും. പൂരം കഴിഞ്ഞാലുടന്‍ തന്നെ നഗരം പൂര്‍വസ്ഥായിയിലാക്കുന്നതിന് ശുചീകരണ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ശുദ്ധമായ ദാഹജലം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റിയും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി നടപടികള്‍ സ്വീകരിക്കും.പൂരപറമ്പിനടുത്തും ചുറ്റിലുമായി സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ ഫിറ്റനസ് കാലേകൂട്ടി പരിശോധിക്കും. കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് വെടിക്കെട്ട് ആസ്വദിക്കാനെത്തുന്നവരുടെ സുരക്ഷയെ കരുതിയാണിത്. പൂരാസ്വാദകര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കും. കൂടാതെ ആവശ്യത്തിന് ആംബുലന്‍സ്, സ്ട്രെക്ചറുകൾ എന്നീ സൗകര്യങ്ങളും ഒരുക്കും. എല്ലാ ആധുനിക സജ്ജീകരണങ്ങളുമായി അഗ്‌നി രക്ഷാസേനയും പ്രവര്‍ത്തന ക്ഷമമായിരിക്കും – മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂരപ്രേമികളുടെ എണ്ണവും വരവും നിയന്ത്രിച്ച് സുരക്ഷയൊരുക്കുകയല്ല മറിച്ച് പരമാവധി ആളുകളെ ഉള്‍ക്കൊള്ളിച്ച് പൂരം വിജയകരമായി നടത്തുക എന്നതാണ് ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. രാത്രിപൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഒരു കുറവും വരുത്താത്ത രീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കുകയും, അതോടൊപ്പം തന്നെ സുരക്ഷയെ മുന്‍നിര്‍ത്തി വെടിക്കെട്ടിന് മുന്നോടിയായി ആളുകളെ നിയന്ത്രിക്കുന്നതിനുമാണ് മുന്‍ഗണന, റവന്യു മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘പൂരം വെട്ടിക്കെട്ടാണ് ഒരു പ്രധാന ആശങ്ക. പെസോ നിയമങ്ങളില്‍ ഒരു ഇളവും നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ സുരക്ഷിതമായി വെടിക്കെട്ട് നടത്താമെന്നതിനെ കുറിച്ച് സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇട നല്‍കാതെ കൃത്യമായ ഒരു ധാരണ ഉണ്ടാക്കണം. ഇതിനായി പെസോയുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തി തീരുമാനമെടുക്കും,’ മന്ത്രി കെ. രാജന്‍ പറഞ്ഞു.

കഴിഞ്ഞ പൂരത്തിന് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലനിന്നിരുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ക്ക് പൂരം നടത്തിപ്പിന്റെ ഭാഗമാകാന്‍ പരിമിതികളുണ്ടായിരുന്നു എന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ജനപ്രതിനിധികളുടെ സാന്നിധ്യം പ്രശ്‌നാവസരങ്ങളില്‍ വേഗത്തില്‍ സമവായമുണ്ടാക്കാന്‍ സഹായകമാകുമെന്ന് പറഞ്ഞു. ഈ വര്‍ഷത്തെ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. ദേവസ്വം മന്ത്രിയും പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല, പൂര ദിവസങ്ങളില്‍ അദ്ദേഹത്തിന്റേയും ജില്ലയിലെ മറ്റ് ജനപ്രതിനിധികളുടേയും സാന്നിധ്യം ജില്ലയില്‍ ഉണ്ടായിരിക്കുമെന്നും മന്ത്രി ഡോ. ബിന്ദു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *