Your Image Description Your Image Description

തൃശൂർ : കേരളത്തെ പുത്തന്‍ വൈജ്ഞാനിക സമൂഹമാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് മാതൃകാപരമായി നടപ്പാക്കുന്നതെന്നും ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. അയ്യന്തോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാലയങ്ങളിലെല്ലാം അത്യാധുനിക നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഒരുക്കുകയാണ്. പഠനത്തിനൊപ്പം നൈപുണ്യ വികസനവും സാധ്യമാക്കി ലോകോത്തര നിലവാരത്തില്‍ സ്മാര്‍ട്ട് ക്ലാസ്മുറികളും, ലാബ്, ലൈബ്രറി സൗകര്യങ്ങളും ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. അയ്യന്തോള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വരുംകാല വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എച്ച്എസ്എസ്, എച്ച്എസ്, വിഎച്ച്എസ്ഇ, ജിഎല്‍പിഎസ് വിഭാഗങ്ങള്‍ ഒരുമിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി മികച്ച പഠനാന്തരീക്ഷം ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.3 കോടി രൂപ ഫണ്ട് വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ മൂന്ന് ക്ലാസ് മുറികള്‍, വാഷ് റൂം, ടോയ്‌ലറ്റ് എന്നിവയും ഫസ്റ്റ് ഫ്‌ളോറില്‍ ഓഡിറ്റോറിയം സെക്കന്റ് ഫ്‌ളോറില്‍ കോണി റൂം ഉള്‍പ്പെടെ 433.55 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സൂപ്രണ്ട് എഞ്ചിനീയര്‍ പി.ആര്‍ ശ്രീലത പദ്ധതി വിശദീകരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *