Your Image Description Your Image Description

ഫിഷറീസ് വകുപ്പിന്റെ എംബാങ്കുമെന്റ് പദ്ധതിയുടെ മത്സ്യ വിളവെടുപ്പിന്റെ ജില്ലാതല ഉദ്‌ഘാടനവും ആദ്യ വിൽപ്പനയും ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മുളക്കുഴ യിൽ നിർവഹിച്ചു.

ജനകീയ മത്സ്യകൃഷിയിൽ ഉൾപ്പെടുത്തി
ജലാശയങ്ങളിൽ വലവളപ്പുകൾ നിർമ്മിച്ചും പരിസ്ഥിതി സൗഹൃദ രീതിയിൽ താൽക്കാലിക ചിറകൾ, തടയിണകൾ നിർമ്മിച്ച് തദ്ദേശീയ മത്സ്യവിത്തുകൾ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലനത്തിലൂടെ വളർത്തിയെടുക്കുന്ന രീതിയാണ് എംബാങ്കുമെന്റ് മത്സ്യകൃഷി.

പദ്ധതിക്കായി 2023-24 സാമ്പത്തിക വർഷം 4.92 കോടി രൂപ വകയിരുത്തി. 50 ഹെക്ടർ ജലാശയത്തിൽ മത്സ്യകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. പദ്ധതിയിൽ ഉൾപ്പെടുത്തി മുളക്കുഴ പഞ്ചായത്തിൽ രണ്ടാം വാർഡിലെ കോട്ടച്ചാലിൽ 2024 ഫെബ്രുവരി മുതൽ സനീഷിൻ്റെ നേതൃത്വത്തിലുള്ള ചങ്ങാതിക്കൂട്ടം ഗ്രൂപ്പ് ഒരു ഹെക്ടർ വിസ്തൃതിയിൽ എംബാങ്കുമെന്റ് മത്സ്യകൃഷി ചെയ്തുവരുന്നു. ഇവിടെയാണ് വിളവെടുപ്പ് നടന്നത്.

ചടങ്ങിൽ മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സദാനന്ദൻ അധ്യക്ഷനായി. വിളവെടുത്ത മത്സ്യം മന്ത്രിയിൽ നിന്നും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ ഹേമലത ടീച്ചർ ഏറ്റുവാങ്ങി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആർ രാധാഭായ്,ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ബീന ചിറമേൽ മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രമ മോഹൻ, വാർഡ് മെമ്പർ സാലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് മിലി ഗോപിനാഥ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഫിറോസിയ നസീമ ജലാൽ, അക്വാകൾച്ചർ കോർഡിനേറ്റർ എസ് സുഗന്ധി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *