Your Image Description Your Image Description

ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിന് അടുത്ത തിരിച്ചടി. ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റായ ‘ദ് ഹണ്ട്രഡ്’ ൽ രജിസ്റ്റർ ചെയ്ത പാക് താരങ്ങളെ സ്വന്തമാക്കാൻ ആരുമെത്തിയില്ല. ‍50 പാക് താരങ്ങളാണ് പുരുഷ, വനിതാ ടൂർണമെന്റുകളിൽ അവസരത്തിനായി പാകിസ്ഥാനിൽ നിന്ന് രജിസ്റ്റർ ചെയ്തത്. 45 പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളും അടുത്ത സീസണിൽ കളിക്കാൻ ഡ്രാഫ്റ്റിൽ വന്നെങ്കിലും ഒരു ടീമും ഇവരെ വാങ്ങിയില്ല.

സീനിയർ ടീമിലെ താരങ്ങളായ ഇമാദ് വാസിം, സയിം അയൂബ്, ഷദബ് ഖാൻ, ഹസൻ അലി, നസീം ഷാ തുടങ്ങിയ താരങ്ങളും ലിസ്റ്റിലുണ്ടായിരുന്നു. എന്നാൽ കോടികൾ പ്രതീക്ഷിച്ചെത്തിയ താരങ്ങളെ ആരും വാങ്ങിയില്ല. വനിതാ താരങ്ങളിൽ ആലിയ റിയാസ്, ഫാത്തിമ സന, യുസ്ര ആമിർ, ഇറം ജാവേദ്, ജവരിയ റൗഫ് എന്നിവർക്കും സമാന അവസ്ഥയാണ് ഉണ്ടായത്. കഴിഞ്ഞ സീസണുകളിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ടീമുകളെ പിന്നീട് സ്വകാര്യമേഖലയിലേക്ക് മാറ്റിയിരുന്നു.

ഇതിന്റെ ഭാഗമായി ഹണ്ട്രഡിലെ എട്ട് ടീമുകളിൽ നാലും ഐപിഎൽ ഫ്രാഞ്ചൈസികളുടെ കയ്യിലെത്തി. ഇന്ത്യൻ ഉടമകൾ ടൂര്‍ണമെന്റിലെത്തിയതും പാക് താരങ്ങളുടെ പുറത്താകലിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. റിലയന്‍സ് ഇൻഡസ്ട്രീസ്, സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പ്, സൺ ഗ്രൂപ്പ്, ജിഎംആർ ഗ്രൂപ്പ് എന്നിവയാണ് ഹണ്ട്രഡ് ടൂര്‍ണമെന്റിൽ നിക്ഷേപങ്ങൾ നടത്തിയ ഇന്ത്യൻ ഉടമകൾ. നേരത്തെ ഇവർ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 ടൂർണമെന്റിലും ഒരു പാകിസ്ഥാൻ താരത്തിനും അവസരം ലഭിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *