Your Image Description Your Image Description

കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനം അവസാന ദിവസം വരെ അച്ചടക്കത്തിന്റെ ഇരുമ്പറക്കുള്ളിലാണ് നടന്നത്. പക്ഷെ, സംസ്ഥാന സമിതിയംഗങ്ങളുടെ പട്ടിക പുറത്തുവന്നതോടെ പാർട്ടിയിൽ പതിവില്ലാത്തതും അസാധാരണവുമായ അച്ചടക്ക ലംഘനം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത് ക്ഷീണമായി.

പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവും അൻപത്തിരണ്ടു വർഷത്തെ പ്രവർത്തന പരിചയവുമുള്ള മുതിർന്ന നേതാവ് എ. പദ്മകുമാറാണ് നേതൃത്വത്തിനെതിരെ ആദ്യം രൂക്ഷമായി പ്രതികരിച്ചത്.
ദിവസേന ഫെയ്സ്ബുക്ക് പേജിൽ തന്റെ നിലപാടുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്കുശേഷം സംസ്ഥാന സമിതിയംഗങ്ങളുടെ പട്ടിക പുറത്തുവന്നതിന് പിന്നലെ ചതിവ്, വഞ്ചന, അവഹേളനം. അൻപത്തിരണ്ടു വർഷത്തെ ബാക്കി പത്രം…. ലാൽ സലാം എന്നു കുറിച്ച് നിരാശനായ തന്റെ ചിത്രവും പോസ്റ്റു ചെയ്തു.

അതിനു പിന്നിൽ രണ്ടു കാരണങ്ങളാണുളളത്. പാർട്ടിയുടെ പത്തനംതിട്ട ജില്ലയിലെ ആദ്യ ജില്ലാ കമ്മറ്റി മുതൽ സജീവപ്രവർത്തനത്തിൽ മുഴുകി ജീവിക്കുന്ന പദ്മകുമാർ സംസ്ഥാന സമിതിയിൽ സ്ഥാനം പ്രതീക്ഷിച്ചിരുന്നു. മുൻ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ്, എന്നീ നിലകളിൽ ജന സ്വാധീനമുണ്ടാക്കിയ പദ്മകുമാർ സംസ്ഥാന സമിതി അംഗത്വം ആഗ്രഹിച്ചിരുന്നു .

മാത്രമല്ല , തന്നെ തഴഞ്ഞ് പാർട്ടിയിൽ പ്രവർത്തന പരിചയമില്ലാത്തതും ഒൻപതുവർഷം പാർലമെന്ററി പരിചയം മാത്രവുമുള്ള വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത് പദ്മകുമാറിനെ പ്രകോപിപ്പിച്ചു. സംസ്ഥാന സമിതി അംഗങ്ങളെ തിരഞ്ഞെടുത്ത മാനദണ്ഡത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

പാർട്ടി ജ്ഞാനവും സംഘടനാ പാരമ്പര്യവും സമരചരിത്രവും പുതിയ കാലത്തിന് വേണ്ടാതായിക്കാണുമെന്ന് പരിഹാസത്തോടെ മാദ്ധ്യമങ്ങളോടു സംസാരിക്കുകയും ചെയ്തു. മുതിർന്ന നേതാവിൽ നിന്നുണ്ടായ ഇത്തരം അസാധാരണമായ അച്ചടക്ക ലംഘനം സംസ്ഥാന നേതൃത്വത്തിന് കടുത്ത അമർഷമുണ്ടാക്കി .

നടപടി പ്രതീക്ഷിച്ചു തന്നെയാണ് പദ്മകുമാർ പരസ്യ പ്രതികരണം നടത്തിയതെന്നു വേണം കരുതാൻ. പരസ്യമായി പ്രതികരിച്ചാലുണ്ടാകുന്ന നടപടിയെപ്പറ്റി വ്യക്തമായ ധാരണയുള്ളയാണ് അദ്ദേഹം. നടപടിയെടുത്താൽ തരം താഴ്ത്തുമായിരിക്കും, ബ്രാഞ്ച് കമ്മറ്റിയിലായാലും പ്രവർത്തിച്ചുകൊള്ളാം എന്ന അദ്ദേഹത്തിന്റെ വാക്കുകൾ നടപടിയുടെ സാദ്ധ്യത മുന്നിൽ കണ്ടാണ്.

പദ്മകുമാർ പാർട്ടി വിട്ടുപോകുമോ എന്ന ആശങ്കയും പരന്നു. കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ അവരുടെ പാർട്ടികളിലേക്ക് പദ്മകുമാറിനെ സ്വാഗതം ചെയ്തിരിക്കുന്നു. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിക്കുന്ന നേതാക്കളെ മറ്റു നേതാക്കൾ വീട്ടിൽ പോയി കാണാറില്ല.

എന്നാൽ, ആ രീതി മാറ്റി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പദ്മകുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽ ചന്നു കണ്ടു. സി. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി ഹർഷകുമാറും ഒപ്പമുണ്ടായിരുന്നു. പദ്മകുമാർ ജില്ലയിലെ വലിയ നേതാവാണെന്നായിരുന്നു രാജു ഏബ്രഹാമിന്റെ പ്രതികരണം. പദ്മകുമാറിൽ പറഞ്ഞ കാര്യങ്ങൾ പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും വ്യക്തമാക്കി. പദ്മകുമാറിനെ പാർട്ടിക്കൊപ്പം നിറുത്താനുള്ള ശ്രമമായിരുന്നു അത്.

പാർട്ടി നേതാക്കൾ വീട്ടിലെത്തി കണ്ടിട്ടും അദ്ദേഹം നിലപാട് മയപ്പെടുത്തിയില്ല. നേതാക്കൾ വരുന്നതിന് മുൻപേ ഫെയ്സ് ബുക്ക് പേജിലെ വാചകങ്ങൾ നീക്കിയിരുന്നു. പ്രതികരണം അൽപ്പം വൈകാരികമായിപ്പോയി എന്നാണ് പദ്മകുമാർ അതിനു പറഞ്ഞ ന്യായീകരണം.

പാർട്ടിയിൽ മറ്റു പലർക്കും ഇതേ അഭിപ്രായം ഉണ്ടാകാമെന്ന് പദ്മകുമാർ സൂചിപ്പിക്കുകയും ചെയ്തു. സംസ്ഥാന സമിതിയംഗങ്ങളുടെ പുതിയ പട്ടിക കണ്ട് ചില നേതാക്കൾ അസംതൃപ്തരാണ്. അതുകൊണ്ടു കാര്യമില്ല. പല മേഖലകളിലും സ്വകാര്യ പങ്കാളത്തിമാകാമെന്നാണ് പാർട്ടിയുടെ പുതിയ നിലപാട്.

സംസ്ഥാന സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പിലും ഇതേ നിലപാട് മാറ്റം ഉണ്ടായെന്ന് പദ്മകുമാറും കൂട്ടരും കരുതിയാൽ മതി. അതായത് പ്രവർത്തന പരിചയവും സമരചരിത്രവും മാത്രമല്ല പാർലമെന്ററി പരിചയവും സംസ്ഥാന സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് മാനദണ്ഡമാക്കിയതാകാം .

Leave a Reply

Your email address will not be published. Required fields are marked *