Your Image Description Your Image Description

ന്യൂഡൽഹി: പ്രയാഗ്‌ രാജിലെ ത്രിവേണി സംഗമത്തിലെ ഗംഗാ നദീജലം കുളിക്കാൻ യോഗ്യമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) പുതിയ റിപ്പോർട്ട് ഉദ്ധരിച്ച് കേന്ദ്ര സർക്കാർ തിങ്കളാഴ്ച പാർലമെന്റിനെ അറിയിച്ചു. 2022-23, 2023-24, 2024-25 വർഷങ്ങളിൽ (മാർച്ച് 9 വരെ) നദിയുടെ ശുദ്ധീകരണത്തിനായി നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗാ (NMCG) യ്ക്ക് മൊത്തം 7,421 കോടി രൂപ അനുവദിച്ചതായും സർക്കാർ അറിയിച്ചു.

സമാജ്‌വാദി പാർട്ടി എംപി ആനന്ദ് ഭദൗരിയയുടെയും കോൺഗ്രസ് എംപി കെ സുധാകരന്റെയും ചോദ്യത്തിന് മറുപടിയായി, CPCB റിപ്പോർട്ട് അനുസരിച്ച്, പ്രധാന ജല ഗുണനിലവാര സൂചകങ്ങളായ പി.എച്ച്, അലിഞ്ഞുചേർന്ന ഓക്സിജൻ, ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്, ഫെക്കൽ കോളിഫോം എന്നിവ എല്ലാ നിരീക്ഷണ സ്ഥലങ്ങളിലും കുളിക്കുന്നതിന് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു.

ഫെബ്രുവരി 3 ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പ്രയാഗ്രാജിലെ പല സ്ഥലങ്ങളിലെയും ജലം കുളിക്കുന്നതിന് വേണ്ട ഗുണനിലവാരം ഇല്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഫീക്കല്‍ ക്വാളിഫോം ബാക്ടിരീയയുടെ അളവ് കൂടുതലായതിനാല്‍ കുളിക്കാന്‍ യോഗ്യമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഫെബ്രുവരി 28 ന് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച ഒരു പുതിയ റിപ്പോര്‍ട്ടില്‍, മഹാ കുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാന്‍ അനുയോജ്യമാണെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനത്തില്‍ വ്യക്തമായതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിക്കുകയായിരുന്നു.

നദിയിലെ ജലത്തിന്റെ ഗുണനിലവാരം ആഴ്ചയില്‍ രണ്ടു തവണ വീതം ഏഴു സ്ഥലങ്ങളിലായി നിരീക്ഷിച്ചിരുന്നു. പ്രയാഗ് രാജിന്റെ മുകള്‍ഭാഗം മുതല്‍ ദീഹാഘട്ട് (താഴേക്ക്), സംഗം നോസ് (ഗംഗയും യമുനയും കൂടിച്ചേരുന്ന സ്ഥലം) ഉള്‍പ്പെടെയാണ് നിരീക്ഷിച്ചിരുന്നത്. കൂടാതെ മഹാകുംഭമേള സമയത്ത് വെള്ളം ശുദ്ധീകരിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 എസ്ടിപികളാണ് സ്ഥാപിച്ചിരുന്നത്. ഉപയോഗിക്കാത്ത 21 ഡ്രെയിനുകളില്‍ നിന്നുള്ള മലിനജലം സംസ്‌കരിക്കുന്നതിന് താല്‍ക്കാലിക പരിഹാരമായി ഏഴ് ജിയോ-ട്യൂബുകള്‍ സ്ഥാപിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൂടാതെ, പ്രതിദിനം 500 കിലോലിറ്റർ (കെഎൽഡി) ശേഷിയുള്ള മൂന്ന് പ്രീഫാ ബ്രിക്കേറ്റഡ് താൽക്കാലിക എസ്ടിപികളും മൊത്തം 200 കെഎൽഡി ശേഷിയുള്ള മൂന്ന് ഫെക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റുകളും പ്രദേശത്ത് സ്ഥാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *