Your Image Description Your Image Description

ആറ്റുകാൽ ഭഗവതി ക്ഷേത്ര നടയിൽ ഇന്ന് മേള പ്രമാണിയായി നടൻ ജയറാം കൊട്ടിക്കയറും. ചെണ്ട, കൊമ്പ്, കുഴൽ, ചേങ്ങില… എന്നിവയിലായി നൂറു കലാകാരന്മാരുടെ അധിപനായാണ് ജയറാം എത്തുന്നത്. നടൻ ജയറാമും 101 കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന പഞ്ചാരിമേളം ഇന്ന് വൈകുന്നേരം 6-ന് ക്ഷേത്രത്തിനു മുന്നിൽ അരങ്ങേറും.

ആറ്റുകാൽ ക്ഷേത്ര നടയിൽ പഞ്ചാരിമേളം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത് മഹാഭാഗ്യമാണെന്ന് ജയറാം . ലോക പ്രസിദ്ധമാണ് ആറ്റുകാൽ പൊങ്കാല. ഇത്രമേൽ ചിട്ടയോടു കൂടി നടക്കുന്ന സ്ത്രീകളുടെ ആഘോഷം. അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. തൃശൂർ പൂരം കണ്ടറിയണം, കൊണ്ടറിയണം എന്നു പറയുന്നതുപോലെയാണ് പൊങ്കാലയും. നമ്മുടെ സർക്കാരും ജനങ്ങളും തിരുവനന്തപുരത്തെ ഓരോ വീട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരുമെല്ലാം ഒരേ മനസോടെ ഒത്തു ചേരുന്ന മഹാസംഭവമാണ് ആറ്റുകാൽ പൊങ്കാല.

മറ്റ് ക്ഷേത്രങ്ങളിലെ രീതിയിലല്ല, ആറ്റുകാലിൽ പഞ്ചാരിമേളം അവതരിപ്പിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളിൽ നാലുകാലം കൊട്ടി അഞ്ചാം കാലത്തിൽ ക്ഷേത്രത്തിനു വലം വച്ച് ചെമ്പട കൊട്ടി കലാശം കൊട്ടി തീരുന്ന മേളമാണ് അവതരിപ്പിക്കുക. ഇവിടെ ക്ഷേത്രമുറ്റത്ത് നിന്നു കൊണ്ട് മേളമൊരുക്കും.

അതേസമയം ഇന്നു മുതൽ പൊങ്കാലനാൾവരെ തിരക്കു കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണക്കാട് ശാസ്ത്രക്ഷേത്രത്തിൽനിന്ന് ആറ്റുകാലിലേക്കുള്ള എഴുന്നള്ളത്ത് ഇന്ന് നടക്കും.

മണക്കാട് ശാസ്താക്ഷേത്രത്തിൽ വെള്ളിയാഴ്ച ഉത്സവത്തിനു കൊടിയേറി. ആറ്റുകാലമ്മയുടെ സഹോദരനെന്നു വിശേഷണമുള്ള മണക്കാട് ശാസ്താവിന്റെ ആചാരപരമായ എഴുന്നള്ളത്തിനെ ക്ഷേത്രവും ഭക്തരും വരവേൽക്കും.

Leave a Reply

Your email address will not be published. Required fields are marked *