Your Image Description Your Image Description

രാജ്യത്ത് മൈനകളുടെ എണ്ണം വർധിച്ചതോടെ അവയെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് പരിസ്ഥിതി മന്ത്രാലയം. ഇതിനായി വിപുലമായ പദ്ധതിയാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനായിരത്തോളം മൈനകളെയാണ് പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിച്ചാണ് മൈനകളെ പിടികൂടുന്നത്. വ്യാപകമായി കൂടുകൾ വിതരണം ചെയ്തു കൂടുതൽ മൈനകളെ കൂട്ടിലടക്കാനുള്ള ശ്രമത്തിലാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നത്.

ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകൾ. എന്നാൽ ഇവയുടെ എണ്ണം ഗണ്യമായി വർധിച്ചതോടെയാണ് ഇവയെ പിടികൂടാനും വംശവർധന തടയാനും മന്ത്രാലയം തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. പ്രൊജക്ട് നടപ്പാക്കിയതിന് ശേഷം 28000ത്തോളം മൈനകളാണ് കൂട്ടിലായത്.

മൈനകൾ മനുഷ്യർക്ക് പ്രയാസമൊന്നും സൃഷ്ടിക്കുന്നില്ലെങ്കിലും പ്രാദേശിക കാർഷിക മേഖലകൾക്കും, മറ്റ് പക്ഷികൾക്കും നാശനഷ്ടങ്ങൾ വരുത്തുന്നതായി കണ്ടെത്തിയിരുന്നു. പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2009ലെ മാർക്കുല പഠനമനുസരിച്ച് മൈനകൾ ഏവിയൻ ഇൻഫ്ലുവൻസ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വാഹകരാകുകയും ചെയ്യുന്നുണ്ട്. ഇത് ചില പ്രാദേശിക പക്ഷി ഇനങ്ങളുടെ വംശനാശത്തിന് കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *