Your Image Description Your Image Description

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു നേരെ നലണ്ടനിൽ വെച്ച് ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം. ജയശങ്കറിന്റെ വാഹനത്തിനു നേരെ അക്രമികള്‍ പാഞ്ഞടുത്തതായും ഇന്ത്യന്‍ പതാക കീറിയെറിഞ്ഞതായുമാണ് വിവരം. സംഭവത്തില്‍ ഇന്ത്യ കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ ഖലിസ്ഥാന്‍വാദികളാണ് ആക്രമിക്കാന്‍ ശ്രമിച്ചത് എന്ന് ഏതാണ്ട് വ്യക്തമാണ്. കാറില്‍ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു തടഞ്ഞു. മറ്റു പ്രശ്‌നങ്ങളില്ലാത്തതിനാല്‍ മന്ത്രി യാത്ര തുടര്‍ന്നു. സംഭവത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ജയശങ്കറെ കാത്ത് ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ഒരു കൂട്ടം പേര്‍ നില്‍ക്കുന്നു. ഇതിലൊരാള്‍ പതാകയുമായി വാഹന വ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയും ചെയ്യുന്നു. വിദേശ കാര്യ മന്ത്രിയുടെ തൊട്ടടുത്ത് വരെ ഇയാള്‍ എത്തിയെന്നതാണ് വസ്തുത. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടിച്ചു മാറ്റി കൊണ്ടു പോയി. തീര്‍ത്തും നാടകീയമായാണ് എല്ലാം സംഭവിച്ചത്. ലണ്ടനിലെ സ്വതന്ത്ര നയ വിശദീകരണ സ്ഥാപനമായ ചതം ഹൗസിന് (ദ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫേഴ്‌സ്) പുറത്താണ് പ്രതിഷേധം അരങ്ങേറിയത്. ഖലിസ്താന്‍ പതാകയുമായി വേദിക്ക് പുറത്ത് സംഘടിച്ച അനുകൂലികള്‍ ഖലിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു. അതേസമയം, ചതം ഹൗസില്‍ നടത്തിയ സംഭാഷണത്തില്‍ ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ ഉലച്ചിലിനെ കുറിച്ചും ബന്ധം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യതകളെ കുറിച്ചുമാണ് വിദേശകാര്യ മന്ത്രി വിശദീകരിച്ചത്. ഇതിന് ശേഷം പുറത്തേക്ക് വരുമ്പോഴായിരുന്നു ആക്രമണ ശ്രമം. ഈ മാസം നാലിന് തുടങ്ങിയതാണ് ജയശങ്കറിന്റെ ബ്രിട്ടണ്‍ സന്ദേശം. ബ്രിട്ടണും അയര്‍ലണ്ടുമായുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കലാണ് ലക്ഷ്യം. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ബഹുമാനിക്കപ്പെടുകയാണെങ്കില്‍ ചൈനയുമായി സുസ്ഥിരമായ ബന്ധം ആവാമെന്ന് എസ്. ജയശങ്കര്‍ വ്യക്തമാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ഖാലിസ്ഥാന്‍ വാദിയുടെ ആക്രമണ ശ്രമം.. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരാന്‍ അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും അത്യാവശ്യമാണെന്നും ജയശങ്കര്‍ യോഗത്തില്‍ വ്യക്തമാക്കി. സുസ്ഥിരമായ സന്തുലിതാവസ്ഥ എങ്ങനെ സൃഷ്ടിക്കാം എന്നതാണ് സുപ്രധാന പ്രശ്‌നം. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന സുസ്ഥിര ബന്ധം വേണം. അതാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ പ്രധാന വെല്ലുവിളി. അതിര്‍ത്തി അസ്ഥിരമാണെങ്കില്‍, സമാധാനവും ശാന്തിയും ഇല്ലെങ്കില്‍ ബന്ധത്തിന്റെ പുരോഗതിയെയും ദിശയെയും പ്രതികൂലമായി ബാധിക്കുമെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. കശ്മീര്‍ വിഷയം പരിഹരിക്കുന്നതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ തള്ളുകയും ചെയ്തു വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സാഹചര്യം സ്വതന്ത്രമായി പരിഹരിക്കുന്നതിന് ഇതിനകം തന്നെ നിര്‍ണായക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്താനുമായുള്ള കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് സമാധാനം സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ മധ്യസ്ഥതാ നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുമോയെന്ന ചോദ്യത്തിനായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. കശ്മീര്‍ പ്രശ്നത്തിന്റെ ഭൂരിഭാഗവും പരിഹരിക്കുന്നതില്‍ ഇന്ത്യ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തത് അതിന്റെ ആദ്യ പടിയായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. പിന്നെ, കശ്മീരില്‍ വളര്‍ച്ച, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സാമൂഹിക നീതി എന്നിവ പുനഃസ്ഥാപിക്കുന്നത് രണ്ടാമത്തെ പടിയായിരുന്നു. വളരെ ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് നടത്തുന്നത് മൂന്നാമത്തെ ഘട്ടമായിരുന്നു,” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *