Your Image Description Your Image Description

ന്യൂഡൽഹി: എസ്ഡിപിഐക്കും നിരോധനമോ എന്ന ചർച്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നു. നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ടും എസ്‍ഡിപിഐയും ഒന്നാണെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലാണ് എസ്ഡിപിഐയേയും നിരോധിച്ചേക്കുമെന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാക്കുന്നത്. എസ്ഡിപിഐക്ക് പ്രവർത്തിക്കാൻ ആവശ്യമായ പണം നൽകിയിരുന്നത് പോപ്പുലർ ഫ്രണ്ടായിരുന്നു എന്നും ഇരു സംഘടനകളുടെയും അണികളും നേതാക്കളും ഒന്നുതന്നെയാണെന്നും ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ എസ്ഡിപിഐയുടെ ഓഫീസുകളിൽ ഇ‍ഡി റെയ്ഡ് നടത്തിയത്.

ഡൽഹിയിലെ പാർട്ടിയുടെ ദേശീയ കമ്മിറ്റി ഓഫീസിലും കേരളത്തിൽ തിരുവനന്തപുരം പാളയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും അടക്കം ഇ.ഡി റെയ്ഡ് നടത്തി. കേരളത്തിൽ മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിലും ഇഡി സംഘമെത്തി. രാജ്യമെമ്പാടുമുള്ള പതിനഞ്ചോളം എസ്ഡിപിഐ ഓഫീസുകളിലാണ് ഇപ്പോൾ റെയ്ഡ് തുടരുന്നത്.

ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, ലഖ്‌നൗ, ജയ്പൂർ, താനെ, ഹൈദ്രാബാദ്, റാഞ്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലും മലപ്പുറത്തെ ചില കേന്ദ്രങ്ങളിലും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിവിധ ഓഫീസുകളിൽ റെയ്ഡ് നടക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഫൈസിക്കെതിരായ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധപ്പെട്ടുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകളാണ് എസ്ഡിപിഐയിലേക്ക് എൻഫോഴ്‌സമെന്റിനെ എത്തിച്ചിരിക്കുന്നത്. പിഎഫ്‌ഐക്ക് പിന്നാലെ എസ്ഡിപിഐ നിരോധനത്തിനുള്ള സാധ്യതകൾ ഇ.ഡി റെയ്‌ഡോടെ ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *