Your Image Description Your Image Description

രാജ്യത്തെ യുദ്ധവിമാനങ്ങളുടെ പരിശീലന പറക്കലിനിടെ സ്വന്തം ജനതയുടെ നേർക്ക് അബദ്ധത്തിൽ ബോംബ് വർഷിച്ച് ദക്ഷിണ കൊറിയ. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വ്യോമസേനയുടെ വെടിവെപ്പ് പരിശീലനത്തിനിടെ യുദ്ധവിമാനത്തിൽ നിന്ന് എട്ട് ബോംബുകൾ അബദ്ധവശാൽ താഴേക്ക് പതിക്കുകയായിരുന്നു. തൽഫലമായി സാധാരണക്കാർക്ക് പരിക്കേറ്റതായി ദ​ക്ഷിണ കൊറിയൻ വ്യോമസേന തന്നെയാണ് ഔദ്യോ​ഗികമായി അറിയിച്ചത്.

എട്ട് MK-82 ബോംബുകളാണ് അപ്രതീക്ഷിതമായി പതിച്ചതെന്ന് വ്യോമസേന വ്യക്തമാക്കി. എയർഫോഴ്സിന്റെ KF-16 എയർക്രാഫ്റ്റിൽ നിന്നാണ് ബോംബുകൾ വീണത്. ഉത്തര കൊറിയൻ അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ തെക്കുഭാ​ഗത്തേക്ക്മാറി പോച്ചിയോൺ എന്ന സ്ഥലത്ത് പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. വ്യോമസേനയുടെ ഭാ​ഗത്തുനിന്നുണ്ടായ പിഴവിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർക്ക് എത്രയും വേ​ഗം സുഖം പ്രാപിക്കാൻ കഴിയട്ടെയെന്നും ദക്ഷിണ കൊറിയൻ എയർഫോഴ്സ് പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ദക്ഷിണകൊറിയ സമിതിയെ നിയോ​ഗിച്ചിട്ടുണ്ട്. അടിയന്തരമായ നടപടികൾ എടുക്കുന്നതിനൊപ്പം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ സമിതി തീരുമാനിക്കും.
വ്യോമസേനയും കരസേനയും സംയുക്തമായി പങ്കെടുത്ത പരിശീലന ദൗത്യത്തിനിടെയാണ് അപകടം സംഭവിച്ചത്.

തത്സമയ വെടിവെപ്പ് പരിശീലനത്തിനിടെ മിലിറ്ററി ജെറ്റിൽ നിന്ന് ബോംബുകൾ പതിക്കുകയായിരുന്നു. അമേരിക്കൻ സേനയോടൊപ്പം സംയുക്താഭ്യാസം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബോംബിട്ടതിന് പിന്നാലെ വീടുകൾ തകരുകയും സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാല് പേരുടെ പരിക്ക് ​ഗുരുതരമാണ്, മൂന്ന് പേർക്ക് നിസാര പരിക്കാണ് സംഭവിച്ചിരിക്കുന്നത്. തകർന്ന കെട്ടിടങ്ങളിൽ ഒരു പള്ളിയും രണ്ട് വീടുകളുമുണ്ട്. അതേസമയം നിരവധി പേർക്ക് സ്ഥലത്ത് നിന്ന് മാറിത്താമസിക്കേണ്ട അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *