Your Image Description Your Image Description

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ രാജേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടർ അലക്സ് വർഗീസ് പങ്കെടുത്തു. സ്കൂളുകളിലും കോളേജുകളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതി തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ ലഹരി മുക്തമാക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും സഹകരണം വേണമെന്നും പ്രസിഡന്റ് പറഞ്ഞു. വാര്‍ഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനമാണ് ജില്ലയ്ക്ക്. 52.16 ശതമാനമാണ് ജില്ലയുടെ വാര്‍ഷിക പദ്ധതി നിര്‍വഹണം. ജില്ലാ പഞ്ചായത്ത്‌ 56.04 ശതമാനം, ബ്ലോക്ക്‌ പഞ്ചായത്ത്‌ 56.48 ശതമാനം, ഗ്രാമപഞ്ചായത്തുകൾ 51.18 ശതമാനം, നഗരസഭ 48.29 ശതമാനം എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപന തലത്തിലെ വാർഷിക പദ്ധതി നിർവ്വഹണം.

90 തദ്ദേശ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതി ഭേഗഗതിക്ക് യോഗം അംഗീകാരം നൽകി. ബ്ലോക്ക് പഞ്ചായത്തുകളിൽ 66.22 ശതമാനവുമായി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്താണ് മുന്നിൽ 44.19 ശതമാനവുമായി തൈക്കാട്ടുശ്ശേരിയാണ് ഏറ്റവും പിന്നിൽ. നഗരസഭകളിൽ കായംകുളം 53.62 ശതമാനവുമായി മുന്നിലുണ്ട്. ഏറ്റവും പിന്നിൽ 27.87ശതമാനവുമായി മാവേലിക്കരയാണ്. പഞ്ചായത്തുകളിൽ 65.73 ശതമാനമുള്ള ചെറുതന മുന്നിലും 35.24 ശതമാനവുമായി കോടംതുരുത്ത് പിന്നിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി പുരോഗതിയും യോഗം അവലോകനം ചെയ്തു. പദ്ധതി നിർവ്വഹണത്തിൽ പിന്നിലുള്ള ഗ്രാമപഞ്ചായത്തുക്കളെ സംബന്ധിച്ച് പഞ്ചായത്ത് പ്രതിനിധികളോട് വിശദീകരണം തേടി. വേമ്പനാട് കായൽ പുനരുജീവനം, തദ്ദേശ സ്വയംഭരണ സ്ഥാപനം പദ്ധതികൾ ഏറ്റെടുക്കുന്നത്, ഭിന്നശേഷി സ്കോളർഷിപ്പ് എന്നിവ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. പദ്ധതികൾക്ക് എൻ ഒ സി ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം സംബന്ധിച്ച വിഷയത്തില്‍ ജില്ലാ ആസൂത്രണസമിതി ഫലപ്രദമായി ഇടപെടണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം ലഭിച്ച മുട്ടാർ പഞ്ചായത്തിനെയും സ്വരാജ് ട്രോഫിയിൽ രണ്ടാം സ്ഥാനത്തെത്തിയ വീയപുരം പഞ്ചായത്തിനെയും യോഗത്തിൽ അഭിനന്ദിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, ഡെപ്യൂട്ടി ഡി.പി.ഒ ടി.വി നിത്യ, ഡിപിസി അംഗങ്ങളായ അഡ്വ. ആർ റിയാസ്, ബിനു ഐസക് രാജു, ജി ആതിര, ഹേമലത ടീച്ചർ, കെ തുഷാര, ബിനിത പ്രമോദ്, ഡി.പി മധു, രജനി ജയദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *