Your Image Description Your Image Description

കൊല്ലം : ജീവിത ശൈലി രോഗങ്ങള്‍ കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍ക്കും ആരോഗ്യ മേഖലയിലെ പദ്ധതികളെയും സേവനങ്ങളെയും ആഴത്തിലറിയാനുമുള്ള അവസരവുമായി ആശ്രാമം മൈതാനിയിലെ കൊല്ലം@75 പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യ, ആയുര്‍വേദ, ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകള്‍.

ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുടെ പരിശോധനകള്‍ സൗജന്യമായി നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ സ്റ്റാളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ശരീരഭാരസൂചികയുടെ (ബോഡി മാസ് ഇന്‍ഡക്‌സ്) അടിസ്ഥാനത്തിലാണോ നിങ്ങളുടെ തൂക്കം എന്നറിയാനും ഇവിടെ അവസരമുണ്ട്.

എയ്ഡ്‌സ് പ്രതിരോധം, മൃതസഞ്ജീവനി ടെലി മെഡിസിന്‍ സേവനം, കുട്ടികളിലെ ഹൃദയസംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുന്നതിനായുള്ള ഹൃദ്യം പ്രോജക്ട്, ദേശീയ ദന്ത സംരക്ഷണ പരിപാടി, ബധിരത നിയന്ത്രണം, ദിശ ഹെല്‍പ്പ് ലൈന്‍ തുടങ്ങി ആരോഗ്യ മേഖലയിലെ നിരവധി പദ്ധതികളുടെയും സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്.

കായിക ഇനങ്ങളില്‍ പരുക്കേല്‍ക്കുന്ന കുട്ടികള്‍ക്കുള്ള ആയുര്‍വേദ ചികിത്സ, ജില്ലാ ആയുര്‍വേദ ആശുപത്രിയും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് വയോധികര്‍ക്കായി നല്‍കിവരുന്ന ആയുര്‍പാലിയം തുടങ്ങിയ പദ്ധതികളെപ്പറ്റി ആയുര്‍വേദ സ്റ്റാളില്‍ നിന്നറിയാം.

ക്ഷാരസൂത്ര ക്ലിനിക്കിന്റെ നേതൃത്വത്തില്‍ വെരിക്കോസ് വെയ്ന്‍, വൃണം, പൈല്‍സ് തുടങ്ങിയവയ്ക്കുള്ള പ്രത്യേക പരിശോധന, അട്ടയെ ഉപയോഗിച്ച് രക്തദൂഷ്യത്തിനുള്ള ചികിത്സ തുടങ്ങിയ വിവിധ തരം ചികിത്സകളെക്കുറിച്ചുള്ള വിശദാംശങ്ങളും ഈ സ്റ്റാളില്‍ ലഭിക്കും.കുട്ടികളിലെ പഠന വൈകല്യനിവാരണത്തിനുള്ള സദ്ഗമയ, അലര്‍ജി രോഗശാന്തി നല്‍കാനുള്ള സ്വാസ്ഥ്യം, ലഹരി വിമുക്തിക്ക് പുനര്‍ജനി, വന്ധ്യത നിവാരണത്തിനുള്ള ജനനി തുടങ്ങി നിരവധി പദ്ധതികളും അവയിലൂടെ ലഭ്യമാവുന്ന സേവനങ്ങളും അറിയാന്‍ ഹോമിയോ വിഭാഗത്തിന്റെ സ്റ്റാളില്‍ അവസരമൊരുക്കിയിട്ടുണ്ട്. ഇവ വായിച്ചു മനസിലാക്കി ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നവര്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്‍കുന്ന ആകര്‍ഷണീയമായ പരിപാടിയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

സന്ധിവാതത്തിനും മുടികൊഴിച്ചിലിനുമുള്ള ഹോമിയോ മരുന്നുകളുടെ വിതരണവും സ്റ്റാളിലെത്തി രോഗലക്ഷണങ്ങള്‍ പറയുന്നവര്‍ക്ക് തേവള്ളി ജില്ലാ ആശുപത്രിയില്‍ നിന്നു സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആവണക്ക് , മഞ്ഞള്‍, എരിക്ക്, നീര്‍ മരുന്ന്, തൂജ , ശംഖ്പുഷ്പം തുടങ്ങി ഹോമിയോ മരുന്നുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ചെടികളും അവയുടെ വിത്തുകളും നേരിട്ട് കാണാന്‍ ഉള്ള അവസരവും സ്റ്റാളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *