Your Image Description Your Image Description

മിക്കവരുടെയും ഇഷ്ട ആഹാരമാണ് മുട്ട. നിരവധി പോഷകഗുണങ്ങൾ മുട്ടയിലുണ്ട്. സാധാരണ മഞ്ഞ നിറത്തിലാണ് മുട്ടയുടെ കരു കാണാറുള്ളത്. എന്നാൽ ചിലപ്പോഴൊക്കെ ഇളംമഞ്ഞ നിറത്തിലും ഓറഞ്ച് നിറത്തിലും കാണാം. ഇങ്ങനെ നിറവ്യത്യാസം കാണുമ്പോൾ അത് ഉപയോഗിക്കാൻ കൊള്ളാമോ എന്ന് നമുക്ക് ആശയക്കുഴപ്പവും ഉണ്ടാകാറുണ്ട്. മുട്ടയിലെ ഓറഞ്ച് കരു കഴിക്കാൻ സാധിക്കുമോ? എന്തുകൊണ്ടാണ് നിറംമാറ്റം സംഭവിക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളുടെ ഉത്തരമിതാണ്.

മുട്ടയുടെ മഞ്ഞക്കരുവിന്റെ നിറവ്യത്യാസം കോഴിയുടെ ഭക്ഷണക്രമവും ജീവിതശൈലിയുമായൊക്കെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. കോഴിയുടെ പ്രായം, ആരോഗ്യം, മുട്ട ഉൽപാദന സീസൺ, കഴിക്കുന്ന തീറ്റ എന്നീ ഘടകങ്ങൾ മഞ്ഞക്കരുവിന്റെ നിറത്തെ ബാധിച്ചേക്കാം. മഞ്ഞക്കരുവിന്റെ നിറവ്യത്യാസത്തെക്കുറിച്ച് ജേണൽ ഓഫ് പോൾട്രി സയൻസ് നടത്തിയ പഠനത്തിൽ പറയുന്ന കണ്ടെത്തലുകൾ ഇങ്ങനെയാണ്;

ചോളവും സോയയും കഴിക്കുന്ന കോഴികളിൽ മഞ്ഞക്കരുവിന് മഞ്ഞനിറം ഉണ്ടാകുമ്പോൾ, ഗോതമ്പ് തീറ്റയെടുക്കുന്ന കോഴികളുടെ മുട്ടകളിൽ ഇളംമഞ്ഞ നിറമുള്ള മഞ്ഞക്കരുവാണ് രൂപപ്പെടുന്നത്. ഫാക്ടറികളിൽ വളർത്തുന്ന കോഴികളിലാണ് മഞ്ഞ മുട്ടകൾ ഉണ്ടാകാൻ സാധ്യത കൂടുതൽ. ഇടുങ്ങിയ കൂടുകളിൽ, പുറംലോകവുമായി ബന്ധമില്ലാത്ത, സൂര്യപ്രകാശം അധികം ഏൽക്കാത്ത സ്ഥലങ്ങളിൽ വളർത്തുന്ന കോഴികൾക്കാണ് മഞ്ഞക്കരുവിന് മഞ്ഞനിറം കാണുക.

സ്വതന്ത്രമായി വിഹരിക്കുന്നതോ പ്രകൃതിദത്ത ഭക്ഷണം കഴിക്കുന്നതോ ആയ കോഴികൾ ഉത്പാദിപ്പിക്കുന്ന മുട്ടകളുടെ മഞ്ഞക്കരുവിന് ഓറഞ്ച് നിറം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇനി, ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ആണെങ്കിൽ അവയിൽ കൂടുതൽ പോഷകാംശം ഉണ്ടാകുമെന്ന പൊതുധാരണ പൂർണ്ണമായും ശരിയല്ലെന്നതാണ് വാസ്തവം. തീറ്റയിൽ ഉയർന്ന അളവിൽ കരോട്ടിനോയിഡുകൾ അടങ്ങുമ്പോഴോ വൈവിധ്യമാർന്ന ഭക്ഷണം കഴിക്കുമ്പോഴോ ഉയർന്ന അളവിൽ പോഷകാംശം ഉള്ള മുട്ടകൾ ഉത്പാദിപ്പിക്കാൻ കോഴികൾക്ക് കഴിയും. എന്നിരുന്നാലും, മഞ്ഞക്കരുവിന്റെ നിറം എല്ലായ്പ്പോഴും ഇത് സൂചിപ്പിക്കണമെന്നില്ല.

മഞ്ഞക്കരുവിന്റെ നിറം പരിഗണിക്കാതെ തന്നെ എല്ലാ മുട്ടകളിലും ഗണ്യമായ പോഷക ഗുണങ്ങൾ അടങ്ങുന്നുണ്ടെന്നതാണ് കാര്യം. അതിനാൽ മുട്ടയുടെ കരുവിന്റെ നിറം നോക്കാതെ കഴിച്ചോളൂ. നിറത്തിന് അനുസരിച്ച് ഗുണത്തിൽ ഒരു മാറ്റവുമില്ലെന്ന് സാരം.

Leave a Reply

Your email address will not be published. Required fields are marked *