Your Image Description Your Image Description

ഓഹരി വിപണിയിലെ ക്രമക്കേടില്‍ സെബി മുന്‍ ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി മുംബൈയിലെ പ്രത്യേക കോടതി. മാധബിക്ക് പുറമേ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി പൊലീസ് അഴിമതി വിരുദ്ധ വിഭാഗത്തോട് നിര്‍ദേശിച്ചു.

ചട്ടങ്ങള്‍ പാലിക്കാതെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യാന്‍ അനുവദിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനായ സപന്‍ ശ്രീവാസ്തവ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 30 ദിവസത്തിനകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അഴിമതി വിരുദ്ധ വിഭാഗത്തിന് നിര്‍ദേശം നല്‍കി. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും ഗൂഢാലോചന നടത്തിയതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. അതിനാല്‍ നിഷ്പക്ഷ അന്വേഷണം ആവശ്യമാണെന്നും കോടതി അറിയിച്ചു. ഗുരുതര കുറ്റമാണ് ആരോപിച്ചിരിക്കുന്നതെന്നും സിആര്‍പിസി പ്രകാരം ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

1994ല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഒരു കമ്പനി ലിസ്റ്റ് ചെയ്തതിലെ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് പരാതിയെന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ ആ സമയത്ത് ചുമതലയില്‍ ഇല്ലായിരുന്നെന്നും സെബി അധികൃതര്‍ പ്രതികരിച്ചു. ഉത്തരവിനെതിരെ സെബി ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *