Your Image Description Your Image Description

പാലക്കാട് : കേന്ദ്രസർക്കാർ ഫാസിസ്റ്റ് ആണെന്ന നിലപാട് സിപിഐക്കും ഇല്ലെന്ന് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ. സർക്കാർ ഫാസിസത്തിലേക്ക് നീങ്ങുന്നത് തടയാൻ കമ്മ്യൂണിസ്റ്റ് ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു. ചില എസ്റ്റാബ്ലിഷ്മെൻ്റുകൾ കൈവിട്ട് പോവുമോ എന്ന ഭയമാകാം സിപിഐ – സിപിഎം ലയനത്തെ ചിലർ എതിർക്കാൻ കാരണമെന്നും അദ്ദഹം പറഞ്ഞു.

“കേന്ദ്രസർക്കാർ ഫാസിസ്റ്റ് ആണെന്ന നിലപാട് സിപിഐക്കും ഇല്ല. ഫാസിസത്തിലേക്ക് പോയി എന്ന അഭിപ്രായമാണ് സിപിഐക്കും. ഫാസിസത്തിലേക്ക് നീങ്ങുന്നത് തടയണം. അതിന് കമ്യൂണ്ണിസ്റ്റ് ഐക്യം വേണം. ലയനത്തിനു വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറാണ്. കമ്യുണിസ്റ്റ് പാർട്ടിയും മാർക്സിസ്റ്റ് പാർട്ടിയും തമ്മിൽ ആശയങ്ങളിൽ വ്യത്യാസമില്ല. ചില എസ്റ്റാബ്ലിഷ്മെൻ്റുകൾ കൈവിട്ട് പോവുമോ എന്ന ഭയത്തിലാവാം ലയനം വേണ്ടെന്ന് ചിലർ പറയുന്നത്, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം വളരെ പ്രധാനമാണ്. കോൺഗ്രസിനെകുറിച്ച് സിപിഐ ക്കും സിപിഎമ്മിനും അഭിപ്രായ വ്യത്യാസമില്ല” – അദ്ദേ​ഹം പറഞ്ഞു.

ഉത്തമനായ കമ്മ്യൂണിസ്റ്റായിരുന്നു മുൻ പറവൂർ എംഎൽഎ യും സിപിഐ നേതാവുമായിരുന്ന അന്തരിച്ച പി.രാജു എന്നും അദ്ദേ​ഹം ചൂണ്ടിക്കാട്ടി. ഇല്ലാത്ത വിഷയത്തിന്റെ പേരിൽ വേട്ടയാടി എന്ന വിഷമം പി.രാജുവിനുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി രാജു ക്രമക്കേട് നടത്തിയിട്ടില്ല എന്ന് കണ്ടെത്തിയിട്ടും, പാർട്ടിയിൽ തിരിച്ചെടുക്കാതെ രാജുവിനെ ചിലർ വേട്ടയാടിയെന്നും കെ ഇ ഇസ്മായിൽ ആരോപിച്ചു.

“അതിൽ അതീവ ദുഖിതനായിരുന്നു പി.രാജു. വിഷമം തന്നെ രാജു അറിയിച്ചിരുന്നു”, അദ്ദേഹം പറഞ്ഞു. എന്നെ കണ്ടാൽ കിണ്ണം കട്ടാവനാണ് എന്ന് കരുതി പലരും രാജുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ലെന്നും കെ ഇ ഇസ്മായിൽ ആരോപിച്ചു.പാ ർട്ടി ഈ വിഷയം ഗൗരവമായി പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ കൊണ്ട് ജീവിക്കുന്നവർ പാർട്ടിയിലുണ്ടെന്ന് സംശയമുണ്ടെന്നും എല്ലാം പാർട്ടി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താമരശ്ശേരിയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ മുഖം നോക്കാതെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്യാമ്പസ് രാഷ്‌ട്രീയം സജീവമാവണം. അരാഷ്‌ട്രീയമാണ് വിദ്യാർത്ഥികള ലഹരിയിലേക്കും ആക്രമണത്തിലേക്കും നയിക്കുന്നത്. വിദ്യാർത്ഥികൾ ലക്ഷ്യ ബോധമുള്ളവരാകാൻ രാഷ്‌ട്രിയം വേണം”അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *