Your Image Description Your Image Description

തിരുവനന്തപുരം; അമ്പലമുക്ക് വിനീത കൊലപാതക കേസ് വിധി ഈ മാസം 24ന് പ്രസ്താവിക്കും. പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. ഒരു തെറ്റും ചെയ്യാത്തത് കൊണ്ട് പശ്ചാത്താപമില്ലെന്ന് പ്രതി രാജേന്ദ്രൻ കോടതിയിൽ. ഇവിടെ അല്ലെങ്കിൽ ഉയർന്ന കോടതിയിൽ നിരപരാധി ആണെന്ന് തെളിയും. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണമെങ്കിൽ കോടതിക്ക് ശിക്ഷിക്കാമെന്നും പ്രതി രാജേന്ദ്രൻ. പ്രതി കൊടും കുറ്റവാളിയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയിൽ. ഒരു സീരിയൽ കില്ലർ എന്ന നിലയിൽ പ്രതി സമൂഹത്തിന് ഭീഷണിയെന്നും വധ ശിക്ഷ വിധിയ്ക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കവർച്ചക്കായി തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയെന്നും പ്രതി നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നു പേരും സ്തീകളെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, പൈശാചികവും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ സമ്പൂർണ്ണ ലോക്ക് ഡൌൺ സമയത്ത് 2022 ഫെബ്രുവരി 6നാണ് കൊലപ്പെടുത്തിയത്.

2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു ഈ അരും കൊല. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *