Your Image Description Your Image Description

തിരുവനന്തപുരം: ക്യാമ്പസുകളിൽ എസ്.എഫ്.ഐക്കാർ ലഹരിയുടെ ഏജന്റുമാരാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്കും കോളജിലേക്കും അയക്കുന്നത് ഭയന്നാണ്. ലഹരി വ്യാപനം സംസ്ഥാനത്ത് എത്രത്തോളം വ്യാപകമായെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. ഡ്രഗ് പാർട്ടികളുടെ കേന്ദ്രമായി കേരളം മാറിയെന്നും വി.ഡി സതീശൻ പറഞ്ഞു. ക്യാമ്പസുകളിൽ, സ്കൂളുകളിൽ ലഹരി സംഘം വിഹരിക്കുന്നുണ്ടെന്നും, കോഴിക്കോട് വിദ്യാർത്ഥിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐക്ക് അമിത സ്വാധീനമുള്ള ഇടങ്ങളിൽ ലഹരി ഏജന്റുമാരായി ഇവർ മാറുന്നു. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം അത് സപ്ലൈ ചെയ്യുന്നവരെ പിടികൂടണമെന്നും വി.ഡി സതീശൻ വിമർശിച്ചു. വി.ഡി സതീശന് മറുപടിയുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. ഇടമേത് എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. ഒരു ഡേറ്റയും ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രസ്താവന നടത്തുന്നതെന്ന് എസ്എഫ്ഐ പറഞ്ഞു. പ്രതിപക്ഷ നേതാവ് യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ വിദ്യാർത്ഥി സംഘടനയിൽ ഉള്ള നേതാക്കളെ ഉപദേശിക്കുകയായിരുന്നു വേണ്ടതെന്ന് എസ്എഫ്ഐ പറഞ്ഞു.

അതേസമയം ലഹരി വ്യാപനം സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും അക്രമത്തിന്റെ സ്വഭാവം തന്നെ മാറിയെന്നും പ്രതിപക്ഷം കഴിഞ്ഞയാഴ്ചയും നിയമസഭയില്‍ ഉന്നയിച്ചതാണ്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അക്രമണങ്ങളാണ് നടക്കുന്നത്. കുട്ടികള്‍ക്കിടിയിലും ലഹരി വ്യാപിക്കുകയാണ്. ലഹരി വസ്തുക്കള്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ മാത്രമാണ് പൊലീസും എക്‌സൈസും പിടികൂടുന്നത്. എന്നാല്‍ ലഹരിയുടെ സ്രോതസ് കണ്ടെത്താന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയും ശ്രമിക്കുന്നില്ല. എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന കുട്ടികള്‍ വരെ ഡ്രഗ് പാര്‍ട്ടികള്‍ നടത്തുകയാണ്. എല്ലായിടത്തും ഡ്രഗ് പാര്‍ട്ടികളാണ്. ഇതൊക്കെ പരസ്യമായാണ് നടക്കുന്നത്. ഒറ്റു കൊടുക്കുന്ന കേസുകള്‍ മാത്രമാണ് പിടിക്കപ്പെടുന്നത്. അല്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഇല്ല. ബോധവത്ക്കരണം നടത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *