Your Image Description Your Image Description

കല കച്ചവടമായി അധ:പതിക്കുന്ന കാലമാണ് ഇതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. കലയുടെ പേരിലുള്ള വ്യാജ നിര്‍മ്മിതികളിലൂടെ സാസ്‌കാരിക വിഷം മലയാളിയെ തീണ്ടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം സിനിമകളില്‍ വര്‍ധിച്ചുവരുന്ന വയലന്‍സിനെക്കുറിച്ചും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

‘ചില ടിവി പരിപാടികളെക്കുറിച്ച് എന്റെ വ്യക്തിപരമായ വിയോജിപ്പ് നേരത്തെ അറിയിച്ചിരുന്നു. ആ നിലപാടില്‍ നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറയട്ടെ. മലയാളിയുടെ കുടുംബ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ന് ടെലിവിഷന്‍. ടെലിവിഷന്‍ കാാഴ്ചകളില്‍ നിന്ന് മുക്തമായിട്ടുള്ള ഒരു ജീവിതം മലയാളിക്കില്ല. ചില പരിപാടികളുടെ ഉള്ളടക്കത്തിലാണ് എന്റെ വിയോജിപ്പ്. ഡിജിറ്റല്‍ കാലത്ത് മറ്റ് നിരവധി പ്ലാറ്റ്‌ഫോമുകളും ഉള്ളപ്പോള്‍ ടെലിവിഷന്‍ ഉള്ളടക്കം ഒരു നവീകരണത്തിനും ശുദ്ധീകരണത്തിനും വിധേയമാകേണ്ടതുണ്ട് എന്നാണ് അഭിപ്രായപ്പെടാനുള്ളത്.’

‘സിനിമയ്ക്ക് ഭാഗ്യത്തിന് സെന്‍സറിംഗ് സംവിധാനം ഉണ്ട്. എന്നാല്‍ ഈയടുത്ത് വയലന്‍സ് കൊണ്ട് പേരെടുത്ത ചില സിനിമകള്‍ സെന്‍സറിംഗ് നേടിയെടുക്കുന്നുണ്ട്. തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ സെന്‍സറിംഗ് സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ അതിനെയൊക്കെ മറികടന്നുകൊണ്ട് ക്രൂരവും പൈശാചികവും ബീഭത്സവുമായ ദൃശ്യങ്ങള്‍, അതിന്റെ പുതിയ ആവിഷ്‌കരണ രീതികള്‍ പരീക്ഷിക്കുന്നതില്‍ കൗതുകം കണ്ടെത്തുന്ന പുതിയ ചലച്ചിത്ര പ്രവര്‍ത്തകരെക്കുറിച്ച് കൂടിയാണ് ഞാന്‍ പറയുന്നത്. മനുഷ്യനിലെ വന്യത ഉണര്‍ത്തുന്നു ഇത്തരം സിനിമകള്‍. എങ്ങനെയാണ് സെന്‍സറിംഗ് സംവിധാനത്തെ മറികടന്നുകൊണ്ട് ഇത്തരം സൃഷ്ടികള്‍ പ്രദര്‍ശനാനുമതി നേടുന്നത് എന്നതുതന്നെ നമ്മളെയൊക്കെ അത്ഭുതപ്പെടുത്തുന്നതാണ്’.

‘ചില സിനിമകളെ ഉദേശിച്ചാണ് ഞാന്‍ പറയുന്നത്. കല പാളിപ്പോയാല്‍ വലിയ അപചയത്തിലേക്ക് പോകും. എന്നാല്‍ ടെലിവിഷനില്‍ സെന്‍സറിംഗ് സംവിധാനം ഇല്ലാത്ത അവസ്ഥയില്‍ അത് സൃഷ്ടിക്കുന്നവര്‍ തികഞ്ഞ ഉത്തരവാദിത്തവും ഔചിത്യവും പാലിക്കേണ്ടതുണ്ട്. കലാപ്രവര്‍ത്തനം പാളിപ്പോയാല്‍ അത് ഒരു വലിയ ജനതയെ മൊത്തം അപചയത്തിലേക്ക് നയിക്കുമെന്ന് തിരിച്ചറിവ് കൂടി അത് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. കലയിലൂടെ സന്ദേശം നല്‍കണം എന്നില്ല. സന്ദേശം നല്‍കുന്നുണ്ടെങ്കില്‍ അത് നന്മയുടേതാകണം’, പ്രേംകുമാര്‍ പറഞ്ഞു.

ടെലിവിഷന്‍ പരിപാടികളിലെ ശുദ്ധീകരണവും നവീകരണവും ലക്ഷ്യമിട്ട് ചലച്ചിത്ര അക്കാദമി ഇടപെടുമെന്നും പ്രേംകുമാര്‍ പറഞ്ഞു. ‘സിനിമാ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. പുതിയ തലമുറയെക്കുറിച്ച് അക്കാദമിക്ക് ആശങ്കയുണ്ട്. പല ഉള്ളടക്കങ്ങളും റേഡിയേഷന്‍ പോലെയാണ്’, പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തെ മുന്നോട്ട് നയിക്കുന്നതും കലാപരമായി മികച്ചതുമായിരിക്കണം ടെലിവിഷന്‍ പരിപാടികളെന്ന് മന്ത്രി സജി ചെറിയാനും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *