Your Image Description Your Image Description

മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റിൽ ‘ വരയരങ്ങ്‌ ‘ എന്ന റാപ് ടൂൺ സ്റ്റേജ് ത്രില്ലർ അവതരിപ്പിക്കാൻ എത്തിയ ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ഡോ. ജിതേഷ്ജിക്ക് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. മാർ മാത്യൂസ് തീമോത്തിയോസ് തിരുമേനിയുടെ രേഖാചിത്രം വരയ്ക്കാൻ വേണ്ടി വന്നത് ഏതാനം സെക്കണ്ടുകൾ മാത്രം!

തിരുമേനിയുടെ ജന്മദിനമായ മെയ് മൂന്ന് ലോക പത്രസ്വാതന്ത്ര്യ ദിനമാണെന്ന് ആയിരക്കണക്കിന് വരുന്ന സദസ്സിനെ ഓർമ്മപ്പെടുത്തിക്കൊണ്ട് ‘3’ ൽ നിന്നായിരുന്നു ജിതേഷ്ജിയുടെ വേഗവര. ബിഷപ്പിന്റെ ചിത്രം വിസ്മയവേഗത്തിൽ വരച്ചത് കൂടാതെ യേശു ക്രിസ്തുവും ക്രിസ്മസ് ദിനത്തിൽ അന്തരിച്ച ചാർലി ചാപ്ലിനും ക്രിസ്മസ് ദിനത്തിന് രണ്ട് ദിവസം മുൻപ് ഡിസംബർ 23 ന് അന്തരിച്ച മുൻ പ്രധാനമന്ത്രി പി വി നരസിംഹ റാവുവും കെ. കരുണാകരനും ഉൾപ്പെടെ ഡസൻ കണക്കിന് സെലിബ്രിറ്റികളെ സ്റ്റേജിൽ പ്രത്യേകം ക്രമീകരിച്ച വലിയ വൈറ്റ് ബോർഡുകളിൽ മെഷീൻ ഗണ്ണിന്റെ കുഴൽ പോലെ തോന്നിപ്പിക്കുന്ന വലിയ ബ്രഷ് ഉപയോഗിച്ച് വരവേഗവിസ്മയം സൃഷ്ടിച്ചത്. ഇരുകൈകളും ഒരേ സമയം ഉപയോഗിച്ചാണ് വേഗവരയിലെ ഈ ലോകറെക്കോർഡ് ജേതാവിന്റെ മിന്നൽവരവിസ്മയം.

ഓരോ വരയ്ക്കുമൊപ്പം ചിത്രകാരൻ തൊടുത്ത് വിടുന്ന ‘തഗ്ഗ് ഡയലോഗ് ‘ കളാണ് ‘വരയരങ്ങ്’ എന്ന തനതു കലാരൂപത്തിന്റെ സുപ്രധാന പഞ്ച്. ചിത്രകലയുടെ സമ്പൂർണ രംഗാവിഷ്കാരം എന്ന നിലയിൽ ലോകശ്രദ്ധ നേടിയ ‘വരയരങ്ങ്’ എന്ന ദൃശ്യകലാരൂപത്തിന് 1990 ലാണ് ജിതേഷ്ജി സമാരംഭം കുറിക്കുന്നത്. പി. എസ്. സി മത്സര പരീക്ഷയുടെ ചോദ്യവലിയിൽ വരയരങ്ങ് തനതുകലാരൂപത്തെപ്പറ്റിയും അതിന്റെ ഉപജ്ഞാതാവായ ജിതേഷ്ജിയെപ്പറ്റിയും പലതവണ ചോദ്യോത്തരം ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *