Your Image Description Your Image Description

സ്ത്രീകളുടേയും പെണ്‍കുട്ടികളുടെയും സുരക്ഷക്കായി റിവഞ്ച് പോണോഗ്രഫിയും ഡീപ്പ്‌ഫേക്കുകളും തടയാന്‍ ടെക് പ്ലാറ്റ്‌ഫോമുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി യുകെയിലെ കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ഓഫ്‌കോം). ഓണ്‍ലൈനിലെ സ്ത്രീവിരുദ്ധതയും ഉപദ്രവവും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പങ്കുവെക്കുന്നത് (റിവഞ്ച് പോണ്‍) തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഓഫ്‌കോം മുന്നോട്ടുവെച്ച കരട് മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമാണ് ഈ നിര്‍ദേശവും.

ഹാഷ് മാച്ചിങ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ ഇതിനായി ഉപയോഗിക്കാനാണ് ഓഫ്‌കോമിന്റെ നിര്‍ദേശം. ഇതനുസരിച്ച് ഇരയായ വ്യക്തിയുടെ ചിത്രങ്ങള്‍ കണ്ടുപിടിച്ച് തടയാന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കുന്നു. പരാതി ലഭിക്കുമ്പോള്‍, നിയമവിരുദ്ധമായി പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഹാഷ് അല്ലെങ്കില്‍ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് ആയി ശേഖരിച്ചുവെക്കുകയും പിന്നീട് ഓണ്‍ലൈനില്‍ പങ്കുവെക്കപ്പെടുന്ന അതേ വ്യക്തിയുടെ ചിത്രങ്ങള്‍ ഈ ഹാഷ് വാല്യുവുമായി താരതമ്യം ചെയ്ത് കണ്ടുപിടിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്നതാണ് ഈ രീതി.

ഫലപ്രദമായ സാങ്കേതികവിദ്യയാണ് ഇതെന്നാണ് ഓഫ്‌കോം പറയുന്നത്. അനുവാദമില്ലാതെ പ്രചരിക്കുന്ന ഒരു ചിത്രം ഓരോ തവണ അപ്‌ലോഡ് ചെയ്യുമ്പോഴും റിപ്പോര്‍ട്ട് ചെയ്യാതെ തന്നെ, ഓട്ടോമാറ്റിക് ആയി അത് കണ്ടെത്തി നീക്കം ചെയ്യാന്‍ ഇതുവഴി സാധിക്കും. ജനറേറ്റീവ് എഐ ടൂളുകളുടെ വ്യാപനത്തെ തുടര്‍ന്ന് 2023 ല്‍ കൂടുതല്‍ ഡീപ്പ് ഫേക്ക് അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചുവെന്ന് ഓഫ് കോമിന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഡീപ്പ് ഫേക്കുകളുടെ പ്രചാരം തടയാനും ഓഫ്‌കോം ഇതുവഴി ശ്രമിക്കുന്നുണ്ട്. 2023 ലെ ഓണ്‍ലൈന്‍ സുരക്ഷാ നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ക്ക് പുറമെയാണ് പുതിയ കരട് മാര്‍ഗ നിര്‍ദേശങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *