Your Image Description Your Image Description

വത്തിക്കാൻ: റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ചികിത്സ ഫലം കാണുന്നുണ്ടെന്നാണ് വത്തിക്കാൻ അധികൃതർ വ്യക്തമാക്കുന്നത്. ഇന്നലെ മാർപാപ്പ എഴുന്നേറ്റു കസേരയിൽ ഇരുന്നിരുന്നെന്നും ഔദ്യോ​ഗിക ചുമതലകൾ നിർവഹിച്ചെന്നുമാണ് റിപ്പോർട്ട്. ആരോ​ഗ്യനില മെച്ചപ്പെടുന്നു എന്നാണ് രക്തപരിശോധനാ ഫലവും സൂചിപ്പിക്കുന്നത്.

മാർപാപ്പയുടെ വൃക്കയുടെ പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ട്. ശ്വാസകോശത്തിന് ആശ്വാസം ലഭിക്കാനുള്ള ഫിസിയോതെറപ്പി തുടരുകയാണ്. അദ്ദേഹം നിവർന്നിരുന്നാണു തെറപ്പി സ്വീകരിച്ചത്. ഓക്സിജൻ നൽകുന്നതും തുടരുന്നുണ്ട്. ശനിയാഴ്ച മുതൽ ശ്വാസതടസ്സം കൂടിയിട്ടില്ലെന്നത് ആശ്വാസകരമാണെന്നു ഡോക്ടർമാർ പറഞ്ഞു. 88 വയസ്സുള്ള മാർപാപ്പയെ ഫെബ്രുവരി 14 മുതലാണു റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ ആരോഗ്യത്തിനായി ആശുപത്രിക്കു മുന്നിലും ലോകമാകെയുള്ള പള്ളികളിലും വിശ്വാസികൾ പ്രാർഥനയിലാണ്.

‘പാവങ്ങളുടെ ഡോക്ടർ’ എന്നറിയപ്പെടുന്ന വെനസ്വേലയിലെ വാഴ്ത്തപ്പെട്ട ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെർണാണ്ടസ്, ഇറ്റലിയിലെ അഭിഭാഷകൻ വാഴ്ത്തപ്പെട്ട ബർത്തലോ ലോങ്ങോ എന്നിവരെ മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. ആശുപത്രിയിൽ കിടക്കവേയാണു മാർപാപ്പ ഉത്തരവിൽ ഒപ്പിട്ടത്. കേരളത്തിൽ 12 മഠങ്ങളുള്ള ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് മേരി ഓഫ് റോസറി സഭാ സ്ഥാപകൻ ദൈവദാസൻ ഡിഡാക്കോ ബെസിയെ (ഇറ്റലി) ധന്യനായി പ്രഖ്യാപിച്ചു.

ദിവ്യകാരുണ്യ ആരാധനയുടെ സംരക്ഷക സന്യാസിനി സഭയുടെ സ്ഥാപകൻ മൈക്കിൾ മൗറ മൊണ്ടാനർ (സ്പെയിൻ), കുനെഗോണ്ട സിവിയെക് (പോളണ്ട്), രണ്ടാം ലോകയുദ്ധകാലത്ത് യുഎസ് സൈന്യത്തിന്റെ ചാപ്ലെയ്ൻ ആയിരുന്ന ഫാ. എമിൽ ജോസഫ് കാപോൺ (യുഎസ്), ഇറ്റാലിയൻ പൊലീസ് സേനാംഗമായിരുന്ന സാൽവോ ഡി അക്വിസ്റ്റോ എന്നിവരെയും ധന്യരായി പ്രഖ്യാപിച്ചു. നാമകരണച്ചടങ്ങു പിന്നീട് നടക്കും.

അതേസമയം, മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ വാർത്തകളിൽ നിറയുന്നത് പ്രശസ്ത ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന മിഷേൽ ഡി നോസ്ട്രെഡാമാണ്. പോപ്പ് ഫ്രാൻസിസിന്റെ മരണവും വത്തിക്കാന്റെ തകർച്ചയും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നുവെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ‘വിധിയുടെ പ്രവാചകൻ’ എന്നറിയപ്പെടുന്ന നോസ്ട്രഡാമസ് പ്രവചിച്ച പല കാര്യങ്ങളും പിൽക്കാലത്ത് സത്യമായി എന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നത്. ലണ്ടൻ അഗ്നിബാധ, അഡോൾഫ് ഹിറ്റ്‌ലറുടെ അധികാരത്തിലേക്കുള്ള ഉയർച്ച, സെപ്റ്റംബർ 11 ആക്രമണം, കൊവിഡ് മഹാമാരി, കഴിഞ്ഞ വർഷത്തെ ജപ്പാനിലെ പുതുവത്സര ഭൂകമ്പം എന്നിവയുൾപ്പെടെയുള്ള സുപ്രധാന ലോക സംഭവങ്ങൾ അദ്ദേ​ഹം പ്രവചിച്ചിരുന്നത്രെ.

പോപ്പിൻറെയും അദ്ദേഹത്തിൻറെ പിൻഗാമിയുടെയും മരണം നോസ്ട്രഡാമസ് പ്രവചിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പതിനാറാം നൂറ്റാണ്ടിൽ, നോസ്ട്രഡാമസ് എഴുതി, “വളരെ പ്രായമായ ഒരു പോണ്ടിഫിൻ്റെ മരണത്തിലൂടെ… നല്ല പ്രായമുള്ള ഒരു റോമൻ തിരഞ്ഞെടുക്കപ്പെടും. അവനെക്കുറിച്ച് പറയപ്പെടും, അവൻ അവൻ്റെ കാഴ്ചയെ ദുർബലപ്പെടുത്തുന്നു … എന്നാൽ അവൻ ദീർഘനേരം ഇരുന്നു കടിപിടിയിലായിരിക്കും. വിശുദ്ധ റോമൻ സഭയുടെ അവസാന പീഡനത്തിൽ, റോമൻ പത്രോസ് ഇരിക്കും, അവൻ തൻ്റെ ആടുകളെ പല കഷ്ടതകളിൽ മേയിക്കും, ഈ കാര്യങ്ങൾ അവസാനിക്കുമ്പോൾ, ഏഴ് കുന്നുകളുടെ നഗരം നശിപ്പിക്കപ്പെടും, ഭയങ്കരനായ ന്യായാധിപൻ തൻ്റെ ജനത്തെ വിധിക്കും. അവസാനം.”

ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, 1555-ൽ പ്രസിദ്ധീകരിച്ച തൻ്റെ പ്രസിദ്ധമായ ലെസ് പ്രൊഫെറ്റീസ് എന്ന പുസ്തകത്തിൽ യുദ്ധങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, രാഷ്ട്രീയ പ്രക്ഷോഭങ്ങൾ, കൊലപാതകങ്ങൾ എന്നിവയെക്കുറിച്ച് നോസ്ട്രഡാമസ് ലോകത്തിന് നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇതിനോടകം എണ്ണൂറിൽ അധികം പ്രവചനങ്ങൾ നോസ്ട്രഡാമസിന്റേതായി സത്യമായിട്ടുണ്ട്. 3997 വർഷം വരെയുള്ള കാര്യങ്ങളാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണം എങ്ങനെയായിരിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. ഇരുവരും വധിക്കപ്പെടുമെന്നാണ് പ്രവചിച്ചത്. നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ ഇന്ത്യയിൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെത്തുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഇവരുടെയൊന്നും പേരുകളല്ല പ്രവചിച്ചത്. മറിച്ച് ഇവരുടെ സ്വഭാവത്തോട് ചേർന്ന് വരുന്ന കാര്യങ്ങളാണ് നോസ്ട്രഡാമസ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ കാര്യത്തിൽ അത്തരം നിരവധി കാര്യങ്ങളാണ് യാഥാർത്ഥ്യമായി വന്നത്.

അതേസമയം, മാർപാപ്പയുടെ സന്ദേശവും വത്തിക്കാൻ പുറത്തുവിട്ടിരുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് അഭ്യർത്ഥിക്കുന്നത്. ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്ദേശങ്ങൾ അയച്ചവർക്കും മാർപാപ്പ നന്ദി അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച് ചികിത്സയിലാണ് മാർപാപ്പ. മാർപാപ്പ കിടക്കയിൽനിന്ന് എഴുന്നേൽക്കുകയോ മുൻ ദിവസങ്ങളിലെപ്പോലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നത് സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി പറ‍ഞ്ഞു. 88 കാരനായ മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ശ്വാസകോശ അണുബാധയെ തുടർന്നാണ് മാർപാപ്പ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതോടെ മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാലാണ് കാർമികനായത്.

എക്സ്-റേ പരിശോധനയിലാണു ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്കുള്ള ആന്റിബയോട്ടിക് കോർട്ടിസോൺ തെറപ്പി തുടർചികിത്സ കൂടുതൽ സങ്കീർണമാക്കുമെന്നാണു സൂചന. രണ്ടോ അതിലധികമോ സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന അണുബാധയാണു പോളിമൈക്രോബയൽ അണുബാധ. ഇത് ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലവും ഉണ്ടാകാം. മാർപാപ്പ ഉത്സാഹത്തിലായിരുന്നുവെന്നു പ്രസ്താവനയിൽ വത്തിക്കാൻ അറിയിച്ചു.

അനാരോഗ്യത്തെ തുടർന്ന് മാർപാപ്പയെ 2023 മാർച്ചിൽ ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. ബ്രോങ്കൈറ്റിസ് ആണെന്ന് സംശയിച്ചെങ്കിലും പിന്നീട് ന്യുമോണിയയാണെന്നു കണ്ടെത്തി. പിന്നീട് 2023 ജൂണിലും 2024 ഫെബ്രുവരിയിലും ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 ജൂണിൽ അദ്ദേഹത്തിനു വൻകുടൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

നിലവിൽ 88 വയസാണ് മാർപാപ്പക്ക്. അദ്ദേഹത്തിന്റെ ഇരുപതുകളുടെ തുടക്കത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. ജന്മനാടായ അർജന്റീനയിൽ പുരോഹിത പഠനത്തിനിടെയാണ് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തത്. നടുവേദനയും കാൽമുട്ടിലെ പ്രശ്നവും കാരണം പലപ്പോഴും മാർപാപ്പ വീൽചെയറോ വോക്കിങ് സ്റ്റിക്കോ ഉപയോഗിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *