Your Image Description Your Image Description

കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിലാണെന്ന അഭ്യൂഹങ്ങൾക്കിടെ ശശി തരൂർ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ പീയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ സമൂഹമാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചു .

ഇന്ത്യ-യു.കെ വ്യാപാര ചർച്ചയ്‌ക്കെത്തിയ ബ്രിട്ടീഷ് സ്റ്റേറ്റ് ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും ഫോട്ടോയിലുണ്ട്. ജോനാഥൻ റെയ്നോൾഡ്സ്, പീയൂഷ് ഗോയൽ എന്നിവരോട് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചത്.

വളരെക്കാലമായി സ്തംഭിച്ചുകിടന്ന ഇന്ത്യ-യു.കെ സ്വതന്ത്ര വാണിജ്യ കരാറിനുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിച്ചത് സ്വാഗതാർഹമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയെ തരൂർ പ്രശംസിച്ചത് കോൺഗ്രസിൽ വിവാദമായതിന് പിന്നാലെയാണിതും.

തന്റെ സ്വതന്ത്ര നിലപാടുകൾ വിശദീകരിച്ച് തരൂർ ദേശീയ മാദ്ധ്യമങ്ങളിൽ ലേഖനമെഴുതിയതും വിവാദമായിരുന്നു. അതേസമയം ശശി തരൂർ കോൺഗ്രസിലുണ്ടാക്കിയ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന നേതാക്കളുമായി ഹൈക്കമാൻഡ് 28ന് ചർച്ച നടത്തും.

സംസ്ഥാനത്തെ പ്രവർത്തക സമിതി അംഗങ്ങൾ, കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, എം.പിമാർ എന്നിവരെ ഡൽഹിക്ക് വിളിപ്പിച്ചു. പക്ഷെ ആ ചർച്ചയിൽ തരൂർ പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്നാണ് സൂചന.

ഇലയ്ക്കും മുള്ളിനും കേടുവരാത്ത വിധം പ്രശ്നപരിഹാരമാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പും വരുന്നു. ആ സാഹചര്യത്തിൽ അസുഖകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തരുതെന്ന നിർബന്ധം കെ.പി.സി.സിക്കും ദേശീയ നേതൃത്വത്തിനുമുണ്ട്.

തരൂർ വിഷയം ഏറ്റവുംവേഗം പരിഹരിക്കണമെന്ന് മുസ്ലിംലീഗും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹൈക്കമാൻഡ് യുക്തമായ പരിഹാരം നിർദ്ദേശിക്കട്ടെ എന്ന നിലപാടാണ് കെ.പി.സി.സി നേതൃത്വത്തിന്. തരൂർ വിഷയത്തിനൊപ്പം സംസ്ഥാന കോൺഗ്രസിലെ മറ്റുചില തർക്കങ്ങളും ചർച്ച ചെയ്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *