Your Image Description Your Image Description

ബറേലി: വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ടിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് വിവാഹ ചടങ്ങിനിടെ ദാരുണമായ സംഭവമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങിൽ വധുവരന്മാർ പൂമാലകൾ കൈമാറുന്നതിനിടയിൽ വച്ച പാട്ട് തെറ്റിപ്പോയതിന് പിന്നാലെയാണ് വെടിവയ്പുണ്ടായത്. വിവാഹത്തിനെത്തിയ അതിഥികൾ നോക്കി നിൽക്കുന്നതിനിടയിലായിരുന്നു വെടിവയ്പ് നടന്നത്.

വരന്റെ സഹോദരനായ ആശിഷ് വർമയും വധുവിന്റെ ബന്ധുവായ സുമിത് കുമാറും തമ്മിലാണ് ഡിജെ സംഘം ഉപയോഗിച്ച പാട്ടിന്റെ പേരിൽ വാക്കു തർക്കമുണ്ടായത്. തർക്കം കൈവിട്ടു പോവുന്നുവെന്ന് വ്യക്തമായതിന് പിന്നാലെ ബന്ധുക്കൾ ഇടപെട്ട് വിഷയം പറഞ്ഞു തീർത്തിരുന്നു. ഇതിന് പിന്നാലെ ചടങ്ങുകൾ വീണ്ടും നടക്കുന്നതിനിടെയാണ് വെടിവയ്പുണ്ടാവുന്നത്. സുമിതും മറ്റ് രണ്ടുപേരും ചേർന്നാണ് ആശിഷിനെ വെടിവച്ച് വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ആശിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്നു വെടിവയ്പെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ വിവാഹം ഉപേക്ഷിച്ചതായും ബന്ധുക്കൾ വിശദമാക്കി. സിതാപുർ സ്വദേശിയാണ് കൊല്ലപ്പെട്ട യുവാവ്. വരനും വധുവും ഒരേ സ്ഥലത്ത് തന്നെയുള്ളവരാണെങ്കിലും ബന്ധുക്കളിൽ ഏറിയ പങ്കും ലംഖിപൂർ ഖേരിയിൽ താമസിക്കുന്നതിനാലാണ് ഇവർ വിവാഹ ചടങ്ങുകൾ സീതാപൂരിൽ നിന്ന് ലംഖിപൂർ ഖേരിയിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *