Your Image Description Your Image Description

വാഷിംഗ്‌ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) അതിന്റെ ഉദ്ദേശ്യം നിറവേറ്റിയിരിക്കുന്നു അതുകൊണ്ട് മുന്‍നിശ്ചയിച്ചതിലും നേരത്തെ പ്രവര്‍ത്തനരഹിതമാക്കണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്ക്. ഐഎസ്എസിന്‍റെ പ്രവര്‍ത്തനം 2030ല്‍ അവസാനിപ്പിക്കാനാണു നാസയും രാജ്യാന്തര പങ്കാളികളും തീരുമാനിച്ചിരിക്കുന്നത്. എന്നാൽ അതുവരെ കാത്തുനില്‍ക്കേണ്ടതില്ല എന്നാണ് മസ്കിന്റെ ആവശ്യം.

‘അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉദ്ദേശ്യം നിറവേറ്റിയിരിക്കുന്നു. ഇപ്പോള്‍ വളരെ കുറച്ച് ആവശ്യങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയം കൊണ്ട് ഉള്ളൂ, ഐഎസ്എസിന്‍റെ ഡീഓര്‍ബിറ്റ് ആരംഭിക്കേണ്ട സമയമായി, ചൊവ്വയെ കോളനിവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കായിരിക്കണം ഇനിയുള്ള ശ്രദ്ധ’ എന്നും ഇലോണ്‍ മസ്ക് തന്‍റെ എക്സില്‍ കുറിച്ചു. ഈ പതിറ്റാണ്ടിന്‍റെ അവസാനത്തോടെ 2030ല്‍ ഐഎസ്എസിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നാസയും പങ്കാളികളായ കാനഡയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ജപ്പാനും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ നിലയം ഡീഓര്‍ബിറ്റ് ചെയ്യാന്‍ ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിനെ നാസ ഇതിനകം ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഡീഓര്‍ബിറ്റിന് 2030 വരെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് മസ്ക് ഇപ്പോള്‍ വാദിക്കുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനത്തില്‍ നിന്ന് 2028ല്‍ പിന്‍മാറാന്‍ റഷ്യ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. എങ്കിലും ഐഎസ്എസിലെ ഗവേഷണവും സാങ്കേതികവികസനവും പരിശീലനവും തുടരാനാണ് നാസയുടെ തീരുമാനം. താഴ്ന്ന ഭൂഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യർക്ക് താമസിക്കാനാവുന്നതുമായ ബഹിരാകാശ ഗവേഷണശാലയും നിരീക്ഷണകേന്ദ്രവുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ബഹിരാകാശത്ത് വച്ച് വിവിധ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഐഎസ്എസിന്‍റെ പണി പൂര്‍ത്തിയാക്കിയത്. അമേരിക്ക (NASA), റഷ്യ (RKA), ജപ്പാൻ (JAXA), കാനഡ (CSA) എന്നിവയും, പതിനൊന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ബഹിരാകാശ സംഘടനകളും (ESA) ചേര്‍ന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിച്ചത്.

ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുണ്ട്. 4.5 ലക്ഷം കിലോഗ്രാമാണ് ഈ നിലയത്തിന്‍റെ ഭാരം. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഐഎസ്എസ് മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *