Your Image Description Your Image Description

തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാ​ഗവും പ്രവാസികളെന്ന് പൊലീസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ട്രേഡിങ് എന്ന വാ​ഗ്ദാനത്തിൽ വീണാണ് പലരും ട്രേഡിങ് സ്ഥാപനമായ ബില്യൻ ബീസിൽ പണം നിക്ഷേപിച്ചത്. 250 കോടി രൂപയാണ് ബിബിൻ ബാബു, ഭാര്യ ജൈത വിജയൻ, ബിബിന്റെ സഹോദരൻ സുബിൻ എന്നിവർ ചേർന്ന് തട്ടിയെടുത്തത് എന്നാണ് പ്രാഥമിക നി​ഗമനം. കേരളം വിട്ട ഇവരെ തിരിച്ചെത്തിക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി.

വിദേശത്ത് ജോലി ചെയ്യുന്നവരെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടത്. നാടുവിട്ടുപോയി കഷ്ടപ്പെട്ട് സമ്പാദിച്ച പണംസുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കാൻ ആ​ഗ്രഹിച്ചവരെയെല്ലാം ബിബിൻ ബാബുവും ഭാര്യയും സ​ഹോദരനും ചേർന്ന് കെണിയിലാക്കുകയായിരുന്നു. ന്യൂജെൻ ആശയങ്ങൾ മുന്നോട്ടുവച്ചാണ് പ്രതികൾ നിക്ഷേപകരെ ആകർഷിച്ചത്.

10 ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷംതോറും ആറു ലക്ഷം രൂപ ലാഭം കിട്ടുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 32 നിക്ഷേപകർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നാലു കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. 1.95 കോടി രൂപ നഷ്ടപ്പെട്ട ഏങ്ങണ്ടിയൂർ സ്വദേശി ബിന്ദുവിന്റെ പരാതി ക്രൈം ബ്രാഞ്ചിനു കൈമാറി. തട്ടിപ്പിനിരയായ നൂറ്റമ്പതോളം പേർ മുന്നോട്ടുവന്നിട്ടുണ്ടെന്ന്, പരാതി നൽകിയവർ പൊലീസിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *