Your Image Description Your Image Description

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പരിശീലിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്‌ടര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തുടക്കം കുറിക്കുന്നു. ‘എഐ എസന്‍ഷ്യല്‍സ്’ എന്നാണ് ഈ കോഴ്സിന് പേരിട്ടിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 2500 പേരെയാണ് കോഴ്സിന്റെ ആദ്യ ബാച്ചില്‍ ഉള്‍പ്പെടുത്തുക. മാര്‍ച്ച് 5 വരെ കോഴ്സിലേക്ക് രജിസ്റ്റര്‍ ചെയ്യാം.

കൈറ്റിന്‍റെ നാലാഴ്ച ദൈര്‍ഘ്യമുള്ള ‘എഐ എസന്‍ഷ്യല്‍സ്’ എന്ന ഓണ്‍ലൈന്‍ കോഴ്സില്‍ ഓരോ 20 പേര്‍ക്കും പ്രത്യേക മെന്‍റര്‍മാര്‍ ഉണ്ടായിരിക്കും. കോഴ്സിന്‍റെ ഭാഗമായി വീഡിയോ ക്ലാസുകള്‍ക്കും റിസോഴ്സുകള്‍ക്കും പുറമെ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ കോണ്‍ടാക്റ്റ് ക്ലാസും ഉണ്ടായിരിക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എഐ ടൂളുകള്‍ എങ്ങനെ പ്രയാജനപ്പെടുത്താം, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം തയ്യാറാക്കല്‍, കല-സംഗീത-സാഹിത്യ മേഖലകളില്‍ പ്രയാജനപ്പെടുത്താവുന്ന ടൂളുകള്‍, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, റെസ്പാണ്‍സിബിള്‍ എഐ എന്നിങ്ങനെയുള്ള മേഖലകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

നേരത്തെ 80,000 സ്കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എഐ പരിശീലന മൊഡ്യൂള്‍ പുതിയ ടൂളുകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തിയാണ് ‘എഐ എസന്‍ഷ്യല്‍സ്’ എന്ന പുതിയ കോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. www.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജിഎസ്ടി ഉള്‍പ്പെടെ 2360 രൂപ ഫീസ് രജിസ്ട്രേഷന്‍ സമയത്ത് ഓണ്‍ലൈനായി അടക്കണം. ക്ലാസുകള്‍ മാര്‍ച്ച് 10-ന് ആരംഭിക്കും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൈറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *