Your Image Description Your Image Description

ജാർഖണ്ഡ്: ആടിനെ മോഷ്ട്ടിച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി. ജംഷഡ്‌പൂരിലെ ചകുലിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ സോനഹത് പഞ്ചായത്തിന്റെ കീഴിലുള്ള ജോടിഷ ഗ്രാമത്തിലായിരുന്നു സംഭവം. കൊല്ലപ്പെട്ട കിൻശുക് ബെഹ്‌റ (35), ബോലാനാഥ് മഹതോ (26) എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയായിരുന്നു ജനക്കൂട്ടം ഇരുവരേയും ആക്രമിച്ച് കൊലപ്പെടുത്തിയത്. കിൻശുക് ബെഹ്‌റ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ബോലാനാഥ് മഹതോ ജംഷഡ്‌പൂരിലെ മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജിൽ ചികിത്സക്കിടെയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.

ആടിന്റെ കഴുത്തിൽ കെട്ടിയ മണിയുടെ ശബ്ദം കേട്ട് ഉടമസ്ഥൻ ഹർഗോവിന്ദ് നായിക് എണീറ്റപ്പോൾ രണ്ടുപേർ ബൈക്കിലെത്തി മൂന്ന് ആടുകളെ മോഷ്ടിച്ച് പോകുന്നതാണ് കണ്ടെത്. അവരെ പിന്തുടർന്ന് ഉടമസ്ഥൻ ശബ്ദം ഉണ്ടാക്കി നാട്ടുകാരെ ഉണർത്തിയാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. തുടർന്ന് പ്രതികളെന്ന് സംശയിക്കുന്നവരെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ബെഹ്‌റയ്ക്ക് ബോധം നഷ്ടപ്പെട്ട സമയത്ത് ഗ്രാമവാസികൾ ആക്രമണം നിർത്തി. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഗ്രാമീണൻ പറഞ്ഞു. സംഭവത്തിൽ നിലവിൽ അഞ്ച് പേർ കസ്റ്റഡിയിൽ ഉണ്ടെന്നും ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും തിരിച്ചറിഞ്ഞവരെ കൂടുതൽ ചോദ്യം ചെയ്യുമെന്നും എസ്.പി അറിയിച്ചു. പക്ഷെ ഇതുവരെയും ആരും ഒരു പരാതിയും രജിസ്റ്റർ ചെയ്തില്ലെന്നും അക്രമികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എസ്.പി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *