Your Image Description Your Image Description

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഗർഭിണിയായ സ്ത്രീയെ തൻ്റെ ടാക്സിയിൽ പ്രസവിക്കാൻ സഹായിച്ച റാപ്പിഡോ ഡ്രൈവർക്ക് പ്രശംസകളുടെ പെരുമഴയാണ്. ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത യുവതിക്കാണ് യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ടത്. ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പ്രസവശേഷം യുവതിയും കുഞ്ഞും സുരക്ഷിതമായി ആശുപത്രിയിലെത്തിയത്. റാപ്പിഡോ ഡ്രൈവർ വികാസാണ് നിർണായക ഇടപെടൽ നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രശംസ ഏറ്റുവാങ്ങുന്നത്. ആ രാത്രിയിൽ അവരെ ആശുപത്രിയിൽ വിടുന്നതിന് മുമ്പ്, പ്രസവിക്കാൻ സഹായിക്കുകയും കുടുംബത്തിൻ്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തുവെന്ന് വികാസ് പറഞ്ഞു.

തന്റെ വീട്ടിലെ പാചകക്കാരനും, അദ്ദേഹത്തിന്റെ ​ഗർഭിണിയായ ഭാര്യയ്ക്കും വേണ്ടി രോഹൻ മെഹ്റ എന്ന വ്യക്തിയാണ് റാപിഡോ ബുക്ക് ചെയ്തത്. രോഹൻ മെഹ്റ തന്നെയാണ് ഈ ‘പ്രസവവാർത്ത’ സമൂഹ മാധ്യമത്തിലൂടെ പുറംലോകത്തെ അറിയിച്ചത്. രാത്രി പ്രസവവേദന കടുത്തതോടെയാണ് യുവതിയും ഭർത്താവും ആശുപത്രിയിലേക്ക് പോകാൻ തീരുമാനിച്ചത്. എന്നാൽ യാത്രാമധ്യേ തന്നെ യുവതി കാറിൽ പ്രസവിക്കുകയായിരുന്നു.

കാറിൽ പ്രസവിക്കാൻ യുവതിയെയും ഭർത്താവിനെയും സഹായിച്ചതും, പ്രസവശേഷം വളരെ വേ​ഗത്തിൽ കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചതും റാപ്പിഡോ ഡ്രൈവർ വികാസ് ആയിരുന്നു. സഹായത്തിന് പ്രത്യുപകാരമായി രോഹൻ മെഹ്റ വികാസിന് കൂടുതൽ പണം നൽകി. എന്നാൽ പണം നിരസിച്ച വികാസ് ആപ്പിൽ ബുക്ക് ചെയ്തപ്പോൾ കാണിച്ച യാത്രാക്കൂലി മാത്രമാണ് പ്രതിഫലമായി വാങ്ങിയത്.

രോഹൻ മെഹ്റയുടെ കുറിപ്പ് സമൂഹ മാധ്യമത്തിൽ വൈറലായതോടെ വികാസിനെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ് ആളുകൾ. അമ്മയെയും കുഞ്ഞിനെയും പറ്റി അന്വേഷിക്കുന്നവരോട്, അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുന്നുവെന്നും ഇരുവരേയും തിരിച്ചു വീട്ടിലേയ്ക്ക് കൊണ്ടുവരാന്‍ വികാസിനോട് തന്നെ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രസകരമായി മെഹ്റ മറുപടി നൽകുന്നു. ഒപ്പം വികാസിനെപോലെയുള്ളവരെ നമ്മുടെ സമൂഹത്തിന് ആവശ്യമാണെന്ന് ഒരുപാട് ആളുകൾ കമന്റ് ചെയ്തു. അതേസമയം അമ്മയും കുഞ്ഞും ആരോഗ്ര്യമായി ഇരിക്കുവെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് വികാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *