Your Image Description Your Image Description

കണ്ണൂർ : അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമല്ല, പൊതുജനങ്ങൾക്ക് നൽകുന്ന സേവനത്തിലും ‘സ്മാർട്ട്’ ആണ് കണ്ണൂർ ഒന്ന് വില്ലേജ് ഓഫീസ്. പൊതുജനങ്ങൾക്ക് കാലതാമസമില്ലാതെയും പരാതി രഹിതമായും സേവനങ്ങൾ നൽകുന്ന ഈ മികവാണ് കണ്ണൂർ ഒന്ന് വില്ലേജ് ഓഫീസിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്. കണ്ണൂർ ജില്ലയിലെ മികച്ച വിലേജ് ഓഫീസിനുള്ള റവന്യു വകുപ്പ് അവാർഡാണ് ഈ ഓഫീസിന് ലഭിച്ചത്.

ഇതോടൊപ്പം നികുതി ഉൾപ്പെടെയുള്ള റവന്യു പിരിവിലെ കാര്യക്ഷമമായ പ്രവർത്തനവും പുരസ്കാരത്തിന് ഘടകമായി. കൃത്യമായ സമയക്രമം നിശ്ചയിച്ചാണ് പൊതുജനങ്ങളുടെ അപേക്ഷകൾ പരിഗണിക്കുന്നത്. ഓഫീസിൽ എത്തുന്നവരെ കേൾക്കാനും അപേക്ഷകൾ സ്വീകരിക്കാനും പ്രത്യേക ക്രമീകരണം. അപേക്ഷകൻ ഏതുദിവസം എത്തണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡയറിയിൽ എഴുതി വയ്ക്കും. ആദ്യമെത്തുന്നവർക്ക് ആദ്യ പരിഗണന എന്നതാണ് നയം. അപേക്ഷകൾ തീർപ്പാക്കുന്നതിനും പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും മുഴുവൻ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനമുണ്ട്.

അതിനായി മിക്കപ്പോഴും അധികസമയം ഓഫീസിൽ ചെലവഴിക്കേണ്ടി വരാറുണ്ടെന്ന് വില്ലേജ് ഓഫീസർ കെ.കെ ജയദേവൻ പറഞ്ഞു.ഓൺലൈൻ അപേക്ഷകൾ പരമാവധി അതത് ദിവസം തന്നെ ചെയ്തു തീർക്കും. പ്രതിദിനം ശരാശരി നൂറോളം പേരാണ് വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീലെത്തുന്നത്. അടിസ്ഥാന ഭൂനികുതി, ആഡംബര നികുതി, കെട്ടിട നികുതി തുടങ്ങിയ ലാൻഡ് റവന്യൂ വകുപ്പ് ചുമത്തുന്ന എല്ലാവിധ നികുതികളും, കരങ്ങളും, സർക്കാർ ഉത്തരവ് പ്രകാരം ഈടാക്കേണ്ടതായ മറ്റു തുകകളും യഥാസമയം പിരിക്കാൻ സാധിച്ചു. റവന്യൂ റിക്കവറി ഇനത്തിൽ 2,50,37065 രൂപയും ലാന്റ് റവന്യൂ വരുമാനത്തിൽ 1,42,88800 രൂപയുമാണ് 2024 ഡിസംബർ വരെ കണ്ണൂർ 1 വില്ലേജ് ഓഫീസ് മുഖേന പിരിച്ചെടുത്തത്. 450 ലധികം ആഡംബര നികുതി പിരിച്ചു.

18000 ത്തോളം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവും കോർപ്പറേഷന്റെയും പൊതുജനങ്ങളുടെയും നിർലോപമായ സഹകരണവുമെല്ലാം കരുത്തായെന്ന് വില്ലേജ് ഓഫീസർ കെ.കെ ജയദേവൻ പറഞ്ഞു.ജില്ലയിലെ ഏറ്റവും വലുതും ജനസംഖ്യ കൂടിയതുമായ വില്ലേജാണ് കണ്ണൂർ ഒന്ന്. കന്റോൺമെന്റ് ഏരിയ ഉൾപ്പെടുന്ന കേരളത്തിലെ ഏക വില്ലേജാണിത്. വായനശാലകൾ കേന്ദ്രീകരിച്ച് ക്യാമ്പുകളും വില്ലേജ്തല ജനകീയ സമിതികളും സംഘടിപ്പിച്ചു. ദുരന്തങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായും പരാതി രഹിതമായും ഏകോപിപ്പിക്കാൻ വില്ലേജ് അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. സമയബന്ധിതവും സുതാര്യവുമായ സേവനം പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിനാൽ തന്നെ 2021 ലും കണ്ണൂർ 1 വില്ലേജ് ഓഫീസിന് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് എന്ന അംഗീകാരം ലഭിച്ചിരുന്നു.

സ്‌പെഷ്യൽ വില്ലേജ് ഓഫീസർമാരായ ഇ.പി അമ്പിളി, കെ രജിത, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്മാരായ കെ ഷയന, വി ആതിര, പി.വി ബിനീഷ് കുമാർ, എം അനീഷ്, വില്ലേജ് അസിസ്റ്റന്റ് എസ് ആദർശ് എന്നിവർ അടങ്ങുന്ന ടീമാണ് ഈ കാലയളവിൽ കണ്ണൂർ ഒന്ന് വില്ലേജിനെ ജനസൗഹൃദമാക്കാൻ നേതൃത്വം നൽകിയത്. ജില്ലയിലെ 132 വില്ലേജുകളിൽ നിന്നാണ് കണ്ണൂർ ഒന്ന് വില്ലേജ് മികച്ച വില്ലേജായി തിരഞ്ഞെടുക്കപ്പെട്ടത്.കണ്ണൂർ നിയമസഭാ നിയോജക മണ്ഡലം എംഎൽഎയും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ആസ്തി വികസന ഫണ്ട് മുഖേന ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ്, പ്രിന്റർ തുടങ്ങിയവ ലഭ്യമാക്കി പൂർണമായും ഹൈടെക് ആയ ഓഫീസാണ് കണ്ണൂർ ഒന്ന് വില്ലേജ് ഓഫീസ്.

Leave a Reply

Your email address will not be published. Required fields are marked *