Your Image Description Your Image Description

മുംബൈ: രാത്രിയില്‍ പരിചയമില്ലാത്ത സ്ത്രീക്ക് സന്ദേശമയക്കുന്നത് അശ്ലീലമാണെന്ന് മുംബൈ സെഷന്‍സ് കോടതി. നീ മെലിഞ്ഞവളാണ്, മിടുക്കിയാണ്, സുന്ദരിയാണ്, നിന്നെ എനിക്ക് ഇഷ്ടമാണ് എന്നൊക്കെ സന്ദേശമയക്കുന്നത് അശ്ലീലമാണെന്നാണ് കോടതി വ്യക്തമാക്കിയത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുന്‍ അംഗത്തിന് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി ജി ധോബ്ലെയാണ് നിരീക്ഷണം നടത്തിയത്. സമകാലിക സാമൂഹിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ശരാശരി വ്യക്തിയുടെ കാഴ്ചപ്പാടില്‍ നിന്നാണ് അശ്ലീലതയെ വിലയിരുത്തേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതി രാത്രി 11നും 12 നും ഇടയില്‍ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതായി കോടതി കണ്ടെത്തി. പ്രശസ്തയും മുന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗവും വിവാഹിതയുമായ ഒരു സ്ത്രീ ഇത്തരം വാട്‌സ്ആപ്പ് സന്ദേശങ്ങളോ അശ്ലീല ഫോട്ടോകളോ സഹിക്കില്ല. പ്രത്യേകിച്ച് അയച്ചയാളും പരാതിക്കാരിയും പരസ്പരം അറിയാത്തപ്പോള്‍. ഇരുവരും തമ്മില്‍ യാതൊരു ബന്ധവും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഇത്തരം സന്ദേശങ്ങളും പ്രവൃത്തിയും ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്നതാണെന്നും ജഡ്ജി വ്യക്തമാക്കി. 2022ല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്ന് മാസത്തേയ്ക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തു.

അതേസമയം രാഷ്ട്രീയ വൈരാഗ്യം കാരണം തന്നെ കള്ള കേസില്‍ കുടുക്കിയതാണെന്നാണ് പ്രതി വാദിച്ചത്. എന്നാൽ വ്യാജ കേസില്‍ ഒരാളെ പ്രതിയാക്കുന്നതിന് ഒരു സ്ത്രീയും തന്റെ അന്തസിനെ പണയപ്പെടുത്തില്ല എന്ന് കോടതി വ്യക്തമാക്കി. പ്രതി സ്ത്രീക്ക് അശ്ലീല വാട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പ്രോസിക്യൂഷന്‍ തെളിയിച്ചിട്ടുണ്ടെന്നും അതിനാല്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത് ശരിയാണെന്നും സെഷന്‍സ് ജഡ്ജി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *