Your Image Description Your Image Description

മലപ്പുറം: വനംവകുപ്പ് നിർമ്മിച്ച ആനമതിൽ തകർത്ത് കാട്ടാനകൾ. ആനയെ തുരത്താൻ സ്ഥാപിച്ച കരിങ്കൽ മതിൽ തകർന്നതോടെ ചോക്കാട് നിവാസികൾ ഭീതിയിലാണ്. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന ചോക്കാട് നാല്‍പ്പത് സെൻറ് ആദിവാസി നഗറില്‍ ജനവാസ കേന്ദ്രത്തിലേക്ക് ആനകള്‍ വരുന്നത് തടയാനാണ് വനംവകുപ്പ് കരിങ്കൽ മതിൽ സ്ഥാപിച്ചത്. ഇത് തകർക്കപ്പെട്ടതോടെ ആദിവാസി കുടുംബങ്ങള്‍ ആനപ്പേടിയിലാണ് കഴിയുന്നത്.

വനാതിർത്തിയോട് ചേർന്നുനില്‍ക്കുന്ന വീടുകളുടെ സംരക്ഷണത്തിനായി 20 വർഷം മുമ്പ് നിർമിച്ച കരിങ്കല്‍ മതിലാണ് കാട്ടാനകള്‍ തകർത്തത്. മതിലില്ലാത്ത സ്ഥലങ്ങളില്‍ സോളാർ വേലിയുണ്ട്. മതില്‍ തകർന്ന ഭാഗങ്ങളിലൂടെ കാട്ടാനക്കൂട്ടം എത്തുമോ എന്ന ഭയത്തിലാണ് പ്രദേശവാസികൾ ഇപ്പോള്‍ കഴിയുന്നത്. നൂറിലേറെ കുടുംബങ്ങളാണ് നാല്‍പ്പത് സെൻറ് നഗറിലുള്ളത്. നിരന്തരം ആന ശല്യം രൂക്ഷമായതോടെ രാത്രി പുറത്തിറങ്ങാൻ കഴിയാതെയാണ് ആദിവാസികള്‍ കഴിയുന്നത്. മിക്കദിവസങ്ങളിലും ആനക്കൂട്ടങ്ങള്‍ വീട്ടുമുറ്റത്ത് എത്താറുണ്ട്. രാത്രി പുറത്തിറങ്ങിയാല്‍ എന്തും സംഭവിക്കാം എന്ന അവസ്ഥയാണ്. വീട്ടുമുറ്റത്തുള്ള വാഴകളും മറ്റും കൃഷികളും ആനകള്‍ നശിപ്പിച്ചു കഴിഞ്ഞു.

വീടുകളുടെ ഒരു ഭാഗത്ത് സോളാർ വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ മറുപുറം കടക്കാൻ കഴിയാത്ത ആനകള്‍ മതില്‍ കുത്തിമറിച്ചാണ് കോളനിയില്‍ എത്തുന്നത്. നേരം ഇരുട്ടുന്നതോടെ കാട്ടാനകള്‍ കൂട്ടമായെത്തുന്നതോടെ പുറത്തിറങ്ങാൻ കഴിയാതെ വീടിനുള്ളില്‍ വാതിലടച്ചിരിക്കുകയാണ് ആദിവാസികള്‍. രാത്രി ആനയെത്തിയാല്‍ കാണാനുള്ള സംവിധാനവും കോളനിയിലില്ല. കോളനിയില്‍ പൊക്ക വിളക്കുകള്‍ സ്ഥാപിച്ചാല്‍ ആനക്കൂട്ടം വരുന്നതെങ്കിലും കാണാൻ കഴിയും. മുമ്പ് സ്ഥാപിച്ച വൈദ്യുതി വിളക്കുകളും തകർന്ന് ഉപയോഗശൂന്യമായ നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *