Your Image Description Your Image Description

വയനാട് :  ജില്ലയിലെ മനുഷ്യ – വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് സമഗ്ര പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. പദ്ധതിയുടെ അഞ്ച് ശതമാനം മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് പദ്ധതി ആവിഷ്കരിക്കും. വനം വകുപ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുമായി ചർച്ചകൾ നടത്തി ആവശ്യമുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി സമഗ്ര പദ്ധതി തയ്യാറാക്കി നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കും.

വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി സോളാർ ഫെൻസിംഗ്, കൽമതിൽ, ക്രാഷ് ഗാർഡ്, നിരീക്ഷണ ക്യാമറകൾ, വനവൽക്കരണം തുടങ്ങിയവ നടത്താനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് നിയോജക മണ്ഡലങ്ങളിലായി ഡി.എഫ് ഒമാരെയും വൈൽഡ് ലൈഫ് വാർഡനെയും ചുമതലപ്പെടുത്തും. പദ്ധതിക്കായി ജില്ലാ ആസൂത്രണ സമിതിയും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരും ഒറ്റകെട്ടായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും . മന്ത്രിമാർ , എം.എൽ.എമാർ , ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി ജനുവരിയോടെ സംസ്ഥാന സർക്കാരിലേക്ക് പദ്ധതി സമർപ്പിക്കും.

ക്ഷീര കർഷകർക്ക് സ്വന്തം നിലയ്ക്ക് തീറ്റപ്പുൽ കൃഷി ചെയ്യുന്നതിന് നടീൽ വസ്തുക്കൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിലും തീറ്റപ്പുല്ല് നടീൽ എം.ജി.എൻ.ആർ.ഇ. ജി.എസിലും ഉൾപ്പെടുത്താവുന്നതിനെ സംബന്ധിച്ച് യോഗം വിലയിരുത്തി.

ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആർ. മണിലാൽ, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *