Your Image Description Your Image Description

ന്യൂഡൽഹി: ജീവനക്കാരുടെ ശമ്പളം 9.2 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ നിർമാണ മേഖലയിലും കോർപ്പറേറ്റ് സെക്ടറിലുമാവും വലിയ രീതിയിൽ ശമ്പള വർധന ഉണ്ടാവുകയെന്നാണ് സൂചനകൾ. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നത്. ഉൽപ്പാദന മേഖലയിലും ആഗോള ശേഷി കേന്ദ്രങ്ങളിലും (ജിസിസി) ഏറ്റവും ഉയർന്ന വേതന വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്. 2024ലുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ ശമ്പള വർധനവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2024ൽ 9.3 ശതമാനം ശമ്പള വർധനവ് ഇന്ത്യയിലെ തൊഴിലാളികൾക്ക് ലഭിച്ചിരുന്നു.

2022ൽ ആഗോളതലത്തിൽ തന്നെ ജീവനക്കാരുടെ ശമ്പള വർധനവിന്റെ തോത് കുറഞ്ഞിരുന്നു. ഇത് ഈ വർഷത്തെ ശമ്പള വർധനയിലും പ്രതിഫലിച്ചിട്ടുണ്ട്. എൻജിനീയറിങ്, ഡിസൈൻ, ഓട്ടോമൊബൈൽ എന്നീ മേഖലകളിലാവും ഉയർന്ന ശമ്പള വർധനവുണ്ടാവുക. നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി, റീടെയിൽ തുടങ്ങിയ മേഖലകളിലും ശമ്പള വർധനയുണ്ടാവും. തൊഴിലാളികൾക്ക് മികച്ച ശമ്പളം നൽകുന്ന വഴി സേവനങ്ങൾ മെച്ചപ്പെടുത്താനും കമ്പനികൾ ലക്ഷ്യം വെക്കുന്നുണ്ട്.

45 വ്യവസായങ്ങളിലായി 1400ഓളം കമ്പനികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആഗോളതലത്തിലെ സംഘർഷങ്ങൾ, സാമ്പത്തിക വളർച്ച, യു.എസിന്റെ വ്യാപാരനയങ്ങൾ, മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ, ജനറേറ്റീവ് എ.ഐ തുടങ്ങിയവ ശമ്പള വർധനവിനെ സ്വാധീനിക്കുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനികൾ വിപണിയിലെ വെല്ലുവിളികളെ സന്തുലിതമാക്കുകയും മേഖലകളിലുടനീളം പ്രതിഭകളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയും 2025 ൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ശമ്പള വർധനവ് 2025-ൽ സ്ഥിരത കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *