Your Image Description Your Image Description

വയനാട് :  പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ്ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പി.എം ജന്‍മന്‍ പദ്ധതിയുടെ ജില്ലയിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ഡോ.രേണുരാജിന്റെ അധ്യക്ഷതയില്‍ കലക്ടടറേറ്റില്‍ യോഗം ചേര്‍ന്നു. പദ്ധതിയുമായ് ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് പി.എം ജന്‍മന്‍. സുരക്ഷിതമായ പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ് സംവിധാനം, ടെലികോം കണക്ടിവിറ്റി, പദ്ധതിക്കായി തെരഞ്ഞെടുത്ത ഗോത്രവിഭാഗങ്ങളുടെ വീടുകളിലും ആവാസവ്യവസ്ഥകളിലും സുസ്ഥിരമായ ഉപജീവന സാധ്യതകള്‍ ഒരുക്കുക തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലയില്‍ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെടുന്ന 18,072 അംഗങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിയുടെ ഗുണഭോക്താക്കളുമായി ജനുവരി 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി സംവദിക്കും. പരിപാടിയുടെ ജില്ലയിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗത്തില്‍ ചര്‍ച്ച നടന്നു. പരിപാടിയില്‍ ജില്ലയിലെ ഓരോ ബ്ലോക്കില്‍ നിന്നും പദ്ധതിയുടെ 5 ഗുണഭോക്താക്കളെ വീതം പങ്കെടുപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പദ്ധതി ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ കലക്ടര്‍ അധികൃതര്‍ക്ക് നല്‍കി. യോഗത്തില്‍ സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *