Your Image Description Your Image Description

മുംബൈ: സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരം ബാസിത് അലി. 2023 ഏകദിന ലോകകപ്പിലും കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും കളിച്ച ശൈലിയിൽ തന്നെ രോഹിത് കളി തുടരണമെന്നും ബാസിത് പറഞ്ഞു. 90 പന്തിൽ 119 റൺസെടുത്ത നായകന്‍റെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് കുറിച്ച 305 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നത്. നാല് വിക്കറ്റ് ജയത്തോടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.

കരിയറിലെ 32 സെഞ്ച്വറികൾക്കൊപ്പം മത്സരത്തിൽ ഒട്ടനവധി റെക്കോഡുകളും രോഹിത്തിന്റെ പേരിലായി. എതിരാളികൾക്കെതിരെ ആക്രമണ ബാറ്റിങ് പുറത്തെടുത്ത രോഹിത്തിനെ ബാസിത് അഭിനന്ദിച്ചു. ‘മത്സരത്തിൽ പൂജ്യത്തിന് പുറത്തായിരുന്നെങ്കിൽ അതായിരിക്കും ഏറ്റവും മോശം കാര്യം. എന്നിട്ടും 2023 ഏകദിന ലോകകപ്പിലേതുപോലെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ബാറ്റുവീശി. ആദ്യ പത്ത് ഓവറിൽ തന്നെ എതിരാളികൾക്ക് കനത്ത പ്രഹരമേൽപ്പിച്ചു’ -തന്‍റെ യൂട്യൂബ് ചാനൽ വിഡിയോയിൽ ബാസിത് പറഞ്ഞു.

പ്രകടനം കൊണ്ടാണ് വിമർശകരെ നിശബ്ദരാക്കിയത്. നമ്മൾ എല്ലാഴ്പ്പോയും പറയുന്നതാണ്, ഫോം താൽക്കാലികമാണ്, ക്ലാസ് കാലാതീതവും. ഇന്ന് രോഹിത് അതു കാണിച്ചുതന്നു -പാക് താരം കൂട്ടിച്ചേർത്തു. ഏഴ് സിക്സും 12 ഫോറുമടങ്ങുന്നതാണ് രോഹിത്തിന്‍റെ ഇന്നിങ്സ്. താരത്തിന്‍റെ കരിയറിലെ രണ്ടാമത്തെ വേഗതയേറിയ ഏകദിന സെഞ്ച്വറിയാണിത്. 2023 ഒക്ടോബർ 11ന് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് രോഹിത് അവസാനമായി ഏകദിനത്തിൽ സെഞ്ച്വറി നേടിയത്.

അതേസമയം, വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ നേടിയ ഏഴ് സിക്സുകളോടെ രോഹിത്തിന്‍റെ ഏകദിനത്തിലെ സിക്സുകളുടെ എണ്ണം 338 ആയി. ഗെയിൽ ഏകദിന ക്രിക്കറ്റിൽനിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2019ലാണ് താരം അവസാനമായി ഒരു ഏകദിനം കളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *