Your Image Description Your Image Description

പേ വിഷ ബാധയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്നും വാക്സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണെന്നും കണ്ണൂർ ഡിഎംഒ അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ………..

  • വളർത്തു മൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയോ മാന്തലോ ഏറ്റാൽ ആ ഭാഗം സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് പൈപ്പ് തുറന്നുവെച്ച് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കണം.
  • മുറിവുള്ള ഭാഗം നന്നായി കഴുകിയതിനു ശേഷം, പേ വിഷ ബാധക്കുള്ള വാക്സിൻ ലഭ്യമാകുന്ന ഏറ്റവും അടുത്ത ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിക്കണം.
  • വളർത്തു മൃഗങ്ങളുടെയോ മറ്റോ കടിയോ മാന്തലോ ഏറ്റാൽ വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച മാർഗ നിർദേശം ലഭിക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. മറ്റ് അഭിപ്രായങ്ങൾ സ്വീകരിക്കരുത്. വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച മാർഗ നിർദ്ദേശവും വാക്സിൻ ആവശ്യമെങ്കിൽ അവയും ആശുപത്രികളിൽ നിന്ന് ലഭിക്കും.
  • പേ വിഷ ബാധക്കെതിരെയുള്ള വാക്സിൻ വളരെയേറെ സുരക്ഷിതവും ജീവൻ രക്ഷിക്കുന്നതുമാണ്.
  • ചെറിയ കുട്ടികളെ വളർത്തു മൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ ചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് പറയാൻ പറയണം. കുട്ടികൾ മൃഗങ്ങളുമായി ഇടപഴകുന്ന ശീലം പരമാവധി കുറക്കണം.
  • വളർത്തു മൃഗങ്ങൾക്ക് പേ വിഷ ബാധക്കെതിരെയുള്ള വാക്സിനേഷൻ എടുക്കാൻ ഉടമസ്ഥൻമാർ ശ്രദ്ധിക്കണം.
  • തെരുവ് നായ്ക്കളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ അവ കൂട്ടമായി കാണപ്പെടുന്ന ഇടങ്ങളിൽ അവയ്ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടാകണം. ഭക്ഷണ മാലിന്യം, ഇറച്ചി കടകളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ വലിച്ചെറിയരുത്. ജൈവ മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങൾ വൃത്തിയാക്കണം. ഇക്കാര്യം ഗൗരവപൂർവ്വം ശ്രദ്ധിക്കണം.
    വളർത്തു നായ്ക്കളെ ഒരു കാരണവശാലും തെരുവിൽ ഉപേക്ഷിക്കരുത്.
  • ഭിക്ഷാടനം ചെയ്യുന്നവർ, അലഞ്ഞു തിരിയുന്നവർ, ആരാധനാലയങ്ങളോട് ചേർന്നു ജീവിച്ചു പോരുന്ന അശരണർ ഉൾപ്പെടെയുള്ളവർക്ക് പേപ്പട്ടികളുടെ കടിയേൽക്കാൻ സാധ്യതയുണ്ടാകും. അവർക്ക് പേ വിഷ വാക്സിൻ സ്വീകരിക്കാനുള്ള അറിവോ സാഹചര്യമോ ഉണ്ടായെന്നു വരില്ല. അവർക്ക് പേപ്പട്ടികളുടെ കടിയേൽക്കുന്ന സാഹചര്യം ശ്രദ്ധയിൽപെടുമ്പോൾ ആശുപത്രികളിൽ എത്തിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. അവരിൽ പേ വിഷ ബാധയേറ്റ് മരിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *