Your Image Description Your Image Description

ചാത്തന്നൂർ : ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ആൾത്തുളയുടെ മൂടി തകർന്നുവീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു. തൃശ്ശൂർ തോളൂർ പള്ളാട്ടിൽ മനോജിന്റെയും ശർമിളയുടെയും മകൾ പി.എം.മനീഷ (26)യാണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 7.15-ഓടെ ചാത്തന്നൂർ തിരുമുക്ക് എം.ഇ.എസ്. എൻജിനിയറിങ് വനിതാ ഹോസ്റ്റലിലായിരുന്നു അപകടം. കൊല്ലം മേവറം മെഡിസിറ്റി മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ശനിയാഴ്‌ച രാവിലെ 10.21-ഓടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്.
മനീഷയുടെ ബന്ധുക്കൾ ബുധനാഴ്ച രാവിലെതന്നെ ആശുപത്രിയിൽ എത്തിയിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മനീഷയ്ക്കൊപ്പം ആൾത്തുളയിലൂടെ വീണ കണ്ണൂർ സ്വദേശി സ്വാതി സത്യൻ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. സ്വാതിയിൽനിന്ന് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാംനിലയുടെ മുകളിലിരുന്ന് കാപ്പി കുടിച്ചശേഷം ഇരുവരും ആൾത്തുളയുടെ മേൽമൂടിക്കു മുകളിലിരുന്നു. ഇതേസമയംതന്നെ മേൽമൂടിതകർന്ന് മനീഷയും സ്വാതിയും ആൾത്തുളയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. ആൾത്തുളയിലേക്കു വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോൺക്രീറ്റ് പാളികളും പതിച്ചിരുന്നു.

മനീഷയുടെ ദേഹത്തേക്കാണ് സ്വാതി പതിച്ചത്.
കുറച്ചു സമയത്തിനുശേഷം സ്വാതി പൈപ്പുകൾക്കിടയിലൂടെ നുഴഞ്ഞുകയറി ആൾത്തുളയ്ക്കു താഴെയുള്ള കമ്പികൊണ്ടുള്ള ചെറിയവാതിൽ തുറന്ന് പുറത്തേക്ക് ഇഴഞ്ഞിറങ്ങി, ഹോസ്റ്റൽ കെട്ടിടത്തിൻ്റെ കാർ പോർച്ചിലേക്ക് എത്തുകയായിരുന്നു. സ്വാതി പുറത്തെത്തിയത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടുമാത്രമാണ് ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാനായത്.

 

Leave a Reply

Your email address will not be published. Required fields are marked *