ന്യൂയോര്‍ക്ക്: മികച്ച ഫീച്ചറുകളുമായി പുതിയ പിക്സൽ ഫോൺ പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ. ‘ഗൂഗിൾ പിക്സൽ 9എ’യുടെ അവസാന മിനുക്കുപണികളിലാണ് കമ്പനി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ വരാനിരിക്കുന്ന പിക്സൽ 9എയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഈ ഫോൺ ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
പിക്സൽ 9എയുടെ വില വിവരങ്ങൾ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. ഗൂഗിൾ പിക്‌സൽ 9എയുടെ 128 ജിബി മോഡലിന് അമേരിക്കയില്‍ 499 ഡോളർ (ഏകദേശം 43,180 രൂപ) ആയിരിക്കും വിലയെന്നാണ് സൂചന. അതേസമയം 256 ജിബി മോഡലിന് 599 ഡോളർ (ഏകദേശം 51,830 രൂപ) വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിക്സൽ 8a-യുടെ അതേ സ്റ്റോറേജ് പതിപ്പുള്ള Pixel 9a-യുടെ 256 ജിബി വേരിയന്‍റിന് 40 ഡോളർ (ഏകദേശം 3,461 രൂപ) വില കൂടുതലായിരിക്കാം. പുറത്തുവന്ന റിപ്പോർട്ടുകൾ ഫോണിന്‍റെ കനേഡിയൻ വിലയും പുറത്തുവിട്ടിട്ടുണ്ട്. 128 ജിബി മോഡലിന് കനേഡിയന്‍ ഡോളര്‍ 679ഉം, 256 ജിബി മോഡലിന് കനേഡിയന്‍ ഡോളര്‍ 809 ഉം ആയിരിക്കും വില.
2025 മാർച്ച് പകുതിയോടെ പിക്സൽ 9a ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ഗൂഗിൾ പിക്സൽ 9 എ 120Hz ഉം 6.3-ഇഞ്ച് എച്ച്ഡിആർ ഡിസ്‌പ്ലേയുമായി വരാൻ സാധ്യതയുണ്ട്. 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, പിക്സൽ 9 എയിൽ 48 എംപി ക്വാഡ് ഡ്യുവൽ പിക്സൽ ക്യാമറയും ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രൈമറി ലെൻസിനൊപ്പം 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 13 എംപി സെൽഫി ക്യാമറയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
18 വാട്സ് വയേർഡും 7.5 വാട്സ് വയർലെസ് ചാർജിംഗും ഉള്ള ഒരു വലിയ 5,000 എംഎഎച്ച് ബാറ്ററി ഈ പുതിയ ഫോണിന് ഉണ്ടാകാൻ സാധ്യതയുണ്ട്. 128 ജിബി മോഡൽ 52,999 രൂപയ്ക്കും 256 മോഡൽ 59,999 രൂപയ്ക്കുമാണ് പിക്സൽ 8എ ഇന്ത്യയിൽ അവതരിപ്പിച്ചത്. പിക്സൽ 9എയുടെ 256 ജിബി മോഡലിന് ഇന്ത്യയിലും കൂടുതൽ വില നൽകേണ്ടിവരും. 128 ജിബി മോഡലിന്‍റെ വിലയും ഇതുതന്നെയായിരിക്കുമെന്നാണ് വിലയിരുത്തൽ.