Your Image Description Your Image Description

ന്യൂഡൽഹി: യമുനാ നദിയിൽ വിഷം കലർത്തിയെന്ന ആം ആദ്മി പാർട്ടിയുടെ (എഎപി) ആരോപണത്തിന് പ്രധാനമന്ത്രിയുടെ മറുപടി. അരവിന്ദ് കേജ്‌രിവാളിൻ്റെ ആരോപണം ഡൽഹിക്ക് മാത്രമല്ല രാജ്യത്തിനെയാകെ അവഹേളിക്കുന്നതാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡൽഹിയിലെ കർത്താർ നഗറിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്ന കേജ്‌രിവാളും എഎപിയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം കാരണമാണ് ഇങ്ങനെയൊക്കെ പറയുന്നത്. ആശയ ദാരിദ്ര്യം കൊണ്ടാണ് ഹരിയാനയിലെ ജനങ്ങളെ ഡൽഹി മുൻ മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നത്. താനും യമുനാ നദിയിലെ വെള്ളമാണ് കുടിക്കുന്നത്. തൻ്റെ ജീവന് ഭീഷണിയാവുന്ന ഒരു കാര്യം അവർ ചെയ്യില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. ഹരിയാനയിൽ നിന്നുള്ളവർക്ക് ഡൽഹിയിൽ താമസിക്കുന്നവരോട് എന്താണ് ശത്രുത. ഇരു സംസ്ഥാനത്തിലെ ജനങ്ങളെ എന്തിനാണ് ഇങ്ങനെ ഭിന്നിപ്പിക്കുന്നതെന്നും മോദി ചോദിച്ചു. “ഹരിയാന നൽകുന്ന യമുന ജലം ഞാനടക്കം ഡൽഹിയിൽ താമസിക്കുന്ന എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ജഡ്ജിമാരും നയതന്ത്രജ്ഞരും പാവപ്പെട്ടവരും യമുന ജലം കുടിക്കുന്നു. ഹരിയാനയിൽ ഉള്ളവർ മോദിയെ കൊല്ലാൻ വിഷം കലർത്തുമെന്ന് ഒരാൾക്ക് എങ്ങനെ ചിന്തിക്കാനാകും”- പ്രധാനമന്ത്രി ചോദിച്ചു.

ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ പ്രധാനമന്ത്രി എഎപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അവരുടെ വ്യാജ വാഗ്ദാനങ്ങൾ ഇക്കുറി ഡൽഹിയിലെ ജനങ്ങൾ അവഗണിക്കുമെന്നും മോദി പറഞ്ഞു. ‘ഡൽഹിയിലെ ജനങ്ങൾക്ക് ഹരിയാനയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും കുടിവെള്ളം ലഭിക്കുന്നു. എന്നാൽ ഹരിയാന സർക്കാർ യമുനയിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന വെള്ളത്തിൽ വിഷം കലർത്തി ഇങ്ങോട്ട് അയക്കുന്നു’ – എന്നായിരുന്നു അരവിന്ദ് കേജ്‌രിവാളിൻ്റെ ആരോപണം. അതേസമയം അയൽ സംസ്ഥാനമായ ഹരിയാന യമുന നദിയിൽ വിഷം കലർത്തുകയാണെന്ന ആരോപണം തെളിയിക്കാൻ വസ്തുതാപരമായ തെളിവുകൾ സമർപ്പിക്കാൻ അരവിന്ദ് കേജ്‌രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. ഇന്ന് രാത്രി എട്ട് മണിക്കകം കേജ്‌രിവാളിൻ്റെ ആരോപണത്തിന് വസ്തുതാപരവും നിയമപരവുമായ തെളിവ് നൽകാനാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *