ദോഹ: കോവിഡ് കാലത്ത് ഖത്തർ ആരോഗ്യമേഖലയിൽ പരീക്ഷിച്ച മരുന്നുകളുടെ ഹോം ഡെലിവറിക്ക് ഇപ്പോഴും ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്. 2024ൽ മാത്രം ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്.എം.സി) പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനും (പി.എച്ച്.സി.സി) ഏകദേശം 60,000 മരുന്നുകളാണ് രോഗികൾക്ക് ഹോം ഡെലിവറി വഴി എത്തിച്ചത്. കോവിഡ് 19 ഘട്ടത്തിൽ തുടർചികിത്സയും മരുന്നും ആവശ്യമുള്ള രോഗികൾക്ക് അത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെലിവറി ആരംഭിച്ചത്.
2020 ഏപ്രിലിലാണ് ഈ സേവനം ഖത്തറിൽ നടപ്പാക്കി തുടങ്ങിയത്. സേവനത്തിന് ഡെലിവറി ചാർജായി 30 റിയാൽ ഈടാക്കുന്നുണ്ട്. 2024ൽ എച്ച്എംസി 56,436 രോഗികൾക്കും പിഎച്ച്സിസി ഏഴു മാസത്തിനുള്ളിൽ 2,223 രോഗികൾക്കും മരുന്നുകൾ എത്തിച്ചു നൽകി. എച്ച്.എം.സി, പി.എച്ച്.സി.സി എന്നിവയുമായി സഹകരിച്ച് ഖത്തർ പോസ്റ്റ് നടത്തുന്ന ഹോം ഡെലിവറി സേവനത്തിൽ മരുന്നുകൾക്ക് പുറമേ മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ ഉപഭോഗ വസ്തുക്കൾ, ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവയും വിതരണം ചെയ്യുന്നുണ്ട്.
മഹാമാരിക്കാലത്ത് മരുന്ന് വിതരണം മുടങ്ങാതിരിക്കുന്നതിന് 2020 ഏപ്രിലിൽ ആരംഭിച്ച സേവനം ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെതുടർന്ന് സ്ഥിരപ്പെടുത്തുകയായിരുന്നു. ഉപയോക്താക്കൾ ഉയർന്ന സംതൃപ്തിയും അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബി.എം.ജെ മെഡിക്കൽ ജേണലിലാണ് മരുന്നുകളുടെ ഹോം ഡെലിവറി സേവനം സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സർവേയിൽ പങ്കെടുത്ത 600ൽ അധികം പേരിൽ 45.5 ശതമാനം പേരും സേവനനിലവാരത്തിൽ വളരെയധികം സംതൃപ്തി രേഖപ്പെടുത്തി. 58.9 ശതമാനം ആളുകൾ സേവനം മറ്റുള്ളവർക്ക് ശുപാർശ ചെയ്തപ്പോൾ ചിലർ സേവനത്തിന് ഈടാക്കുന്ന ഡെലിവറി ചാർജ് കുറക്കണമെന്നും അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത ഖത്തർ നിവാസികളിൽ 89 ശതമാനം പേരും പ്രവാസികളിൽ 79.5 ശതമാനം പേരും സേവനത്തിൽ സംതൃപ്തി രേഖപ്പെടുത്തി.
മരുന്നുകൾ ഹോം ഡെലിവറിയായി ലഭിക്കണമെങ്കിൽ 16000 എന്ന നമ്പറിൽ ബന്ധപ്പെടണം. ഞായർമുതൽ വ്യാഴംവരെ രാവിലെ എട്ടിനും ഉച്ചക്ക് രണ്ടിനും ഇടയിലുള്ള സമയത്തെ സേവനം ലഭ്യമാകുകയുള്ളു. പി.എച്ച്.സി.സി വെബ്സൈറ്റിൽ ലഭ്യമായ നമ്പർ ഉപയോഗിച്ച് വാട്സ്ആപ് വഴി അവരുടെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും കഴിയും. അപേക്ഷ സ്വീകരിച്ച് രണ്ട് ദിവസത്തിനകം മരുന്നുകൾ വിതരണം ചെയ്യും. രാജ്യത്തുടനീളം ലഭ്യമായ സേവനം ലഭിക്കുന്നതിന് രോഗികൾ സാധുവായ ഹെൽത്ത് കാർഡ്, മരുന്നുകൾക്കായുള്ള പേയ്മെന്റ് കാർഡ്, ഡെലിവറി ഫീസ് എന്നിവ നൽകണം. മരുന്ന് കൃത്യമായി ഹോം ഡെലിവറി ചെയ്യുന്നതിന് വീട്ടുവിലാസവും, ഫോൺ നമ്പറും കൃത്യമായി നൽകിയിരിക്കണം.