Your Image Description Your Image Description
Your Image Alt Text

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നു. ജനുവരി ആറിന് വൈകീട്ട് 4 മണിയോടെ അന്തിമ ഭ്രമണപഥത്തിലേക്ക് കടക്കുമെന്ന് ഐഎസ്ആ‌‌ർഒ അറിയിച്ചു. ഭ്രമണപഥത്തിലേക്ക് എത്തുന്നതോടെ സൂര്യനെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല വിവരങ്ങളും പേടകം ശേഖരിക്കുമെന്ന് ഐഎസ്ആ‌ര്‍ഒ വിശദീകരിച്ചു.

നാളെ വൈകീട്ടോടെ ​ആദിത്യ ലാഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഒരു ‘ഹാലോ ഓർബിറ്റ്’ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് പ്രവേശിക്കും. അഞ്ച് ലാഗ്രാഞ്ച് പോയിന്റുകളില്‍ ആദ്യത്തേതാണ് ഹാലോ ഓര്‍ബിറ്റ്. ഭൂമിയിൽ നിന്നും ഏക​ദേശം 1.5 മില്ല്യൺ കിലോമീറ്റർ അകലെയാണ് എല്‍ 1 പോയി​ന്റ്. ഈ പ്രദേശത്ത് രണ്ട് വസ്തുക്കൾക്കിടയിൽ പ്രവർത്തിക്കുന്ന ഗുരുത്വാകർഷണ ബലം പരസ്പരം സന്തുലിതമാകും. അതിനാൽ ഈ പ്രദേശത്ത് നിന്നും ബഹിരാകാശ പേടകത്തിന് എളുപ്പത്തിൽ സൂര്യനെ കാണാനും പഠിക്കാനും കഴിയും.

കഴി‌ഞ്ഞ വ‌ർഷം സെപ്തംബർ 2നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ജവാൻ സ്പൈസ് സെ​ന്ററിൽ നിന്നും ആദിത്യ എല്‍1 വിക്ഷേപിച്ചത്. 126 ദിവസത്തെ യാത്രക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് പേടകം ഈ ഭ്രമണപഥത്തിൽ തുട‌രും. സൂര്യനെ അടുത്തറിയുകയും പഠിക്കുകയും ചെയ്യും. ഐ എസ് ആ‌‌ർ ഒ ചെയർമാൻ എസ് എസ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ച് വര്‍ഷവും രണ്ട് മാസവുമാണ് ദൌത്യ കാലാവധി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പേലോഡുകളാണ് ആദിത്യയിലുള്ളത്. സൂര്യന്റെ ഏറ്റവും പുറത്തുള്ള പാളിയായ കൊറോണയെ പറ്റി പഠിക്കുക, ബഹിരാകാശ കാലാവസ്ഥ നിരീക്ഷിക്കുക, ഭൂമിയുടെ കാലാവസ്ഥയിലും ബഹിരാകാശ പരിതസ്ഥിതിയിലും സൂര്യന്റെ സ്വാധീനം മനസ്സിലാക്കുക, സൂര്യന്‍റെ കാന്തിക വലയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക തുടങ്ങിയവയാണ് ആദിത്യ എൽ1 ​ന്റെ പ്രധാന ലക്ഷ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *